കൃത്യസമയത്ത് ശുദ്ധമായ വായു യഥേഷ്ടം ലഭിക്കുക എന്നതാണല്ലോ മത്സര ഓട്ടക്കാര്‍ക്ക് അത്യാവശ്യം വേണ്ടത്. ഓക്സിജന്റെ അളവു കൂടുതലുള്ള ശുദ്ധവായു തന്നെ ശ്വാസിക്കുകയും വേണം. മലിനമായ വായു ശ്വസിച്ച് ഓടിയാൽ വളരെ പെട്ടെന്ന് തന്നെ അയാൾക്ക് ഓട്ടം നിർത്തേണ്ടിവരും. എന്നാല്‍ ഇതിനൊക്കെ അപവാദമാണ് ചൈനക്കാരനായ അങ്കിള്‍ ചെന്‍ (Uncle Chen). ‘സ്മോക്കിംഗ് ബ്രദര്‍’എന്ന പേരിൽ അറിയപ്പെടുന്ന അങ്കിള്‍ ചെന്‍ ജനുവരി ഏഴിന് സീമെന്‍ മാരത്തണ്ണില്‍ (Xiamen Marathon) പങ്കെടുത്തത് ഇതിനെയൊക്കെ വെല്ലു വിളിച്ചു കൊണ്ടാണ്. നിര്‍ത്താതെ പുകവലിച്ച് കൊണ്ടാണ് ഇയാൾ സഹഓട്ടക്കാരെ പിന്തള്ളി മത്സരം പൂർത്തിയാക്കിയത്.
രണ്ടു വര്‍ഷം മുമ്പ് അദ്ദേഹം തന്നെ കുറിച്ച തന്റെ കൂടിയ വേഗമായ 3.28 മിനിറ്റ് എന്ന റെക്കോര്‍ഡിന് അഞ്ചു മിനിറ്റു വൈകിയാണ് അദ്ദേഹത്തിന് ഇത്തവണ മാരത്തണ്‍ പൂര്‍ത്തിയാക്കാനായത് എന്നു മാത്രം. എന്നാല്‍ ഈ അമ്പത്തിരണ്ടുകാരന്‍റെ വേഗം രേഖപ്പെടുത്താന്‍ മാരത്തണ്‍ സംഘാടകര്‍ തയ്യാറായില്ലന്ന് മാത്രമല്ല അവര്‍ അദ്ദേഹത്തെ മത്സരത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അങ്കിള്‍ ചെന്‍ മാരത്തണ്‍ ഓട്ടത്തിനിടെ ട്രാക്കിലുടനീളം പുകവലിക്കുകയായിരുന്നു എന്നതാണ് പുറത്താക്കാൻ കാരണമായി പറഞ്ഞത്.
ചൈനയില്‍ രണ്ടു വര്‍ഷം മുമ്പ് തന്നെ മാരത്തണ്ണില്‍ പുകവലിച്ച് കൊണ്ട് ഓടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അങ്കിൾ ചെന്‍ മാരത്തണ്‍ നിയമം ലംഘിച്ചെന്ന് സംഘാടകര്‍ പറയുന്നു. മാരത്തണ്‍ പൂര്‍ത്തിയായതിന് പിന്നാലെ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോകളില്‍ അങ്കില്‍ ചെന്‍ തുടര്‍ച്ചയായി സിഗരറ്റ് വലിച്ച് കൊണ്ട് ഓടുന്നത് കാണാം. 1500 -ലേറെ പേര്‍ പങ്കെടുത്ത മാരത്തണ്ണില്‍ 574 -താമതായാണ് അദ്ദേഹം ലക്ഷ്യ സ്ഥാനത്ത് എത്തിയത്. 2018 ലും അങ്കിള്‍ ചെന്‍ പുകവലിച്ച് കൊണ്ട് മാരത്തണ്ണില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. എന്തായാലും പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കാൻ സംഘടനകൾ ഒന്നും തയ്യാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.