ആധുനിക ആണവ ഡ്രോണിന്റെ പരീക്ഷണം നടത്തി ഉത്തര കൊറിയ. രാജ്യത്തിന്റ കിഴക്കൻ തീരത്താണ് ‘ ഹയീൽ – 5 -23 ‘ എന്ന് പേരിട്ടിരിക്കുന്ന ഡ്രോണിന്റെ പരീക്ഷണം നടത്തിയത്. ഈ ആഴ്ച യു.എസും ദക്ഷിണ കൊറിയയും ജപ്പാനും നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങൾക്കുള്ള മറുപടിയായാണ് നീക്കം.
ഉത്തര കൊറിയ ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർവാട്ടർ ഡ്രോൺ വികസിപ്പിച്ചെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹയീൽ എന്ന വാക്കിന് കൊറിയൻ ഭാഷയിൽ സുനാമി എന്നാണ് അർത്ഥം. ശത്രുരാജ്യത്തിന്റെ തീര മേഖലകളെ ശക്തമായ സ്ഫോടനങ്ങൾ നടത്തി സുനാമി പോലെ തകർത്തെറിയാൻ ഈ ആയുധത്തിന് കഴിയുമെന്നാണ് അവകാശവാദം.
ഡ്രോണിന്റെ നേരത്തെ നടന്ന പരീക്ഷണങ്ങളിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചിരുന്നെന്നാണ് വിവരം. ആണവായുധം ഘടിപ്പിച്ചാൽ ഈ ഡ്രോണിന് റേഡിയോ ആക്ടീവ് ‘ സുനാമി’ സൃഷ്ടിക്കാനാകുമെന്നാണ് അവകാശവാദം. ഡ്രോണിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ,
ഹയീൽ ഡ്രോണിനെ ഉത്തര കൊറിയ പെരുപ്പിച്ച് കാട്ടുകയാണെന്ന് ദക്ഷിണ കൊറിയൻ നിരീക്ഷകർ പറയുന്നു.
കിമ്മിന്റെ നിർദ്ദേശപ്രകാരം ആണവായുധ ശേഖരം വൻതോതിൽ ഉയർത്താനുള്ള ശ്രമങ്ങളിലാണ് രാജ്യം. ആണവായുധ ആക്രമണം നടത്താൻ ശേഷിയുള്ള രാജ്യത്തെ ആദ്യ അന്തർവാഹിനിയായ ‘ ഹീറോ കിം കുൻ ഓക്കി ‘നെ കഴിഞ്ഞ സെപ്തംബറിൽ പുറത്തിറക്കിയിരുന്നു