ജപ്പാന്റെ ചാന്ദ്ര ദൗത്യമായ ‘സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്‌റ്റിഗേറ്റിംഗ് മൂൺ – സ്ലിം ‘ ( മൂൺ സ്നൈപ്പർ ) ലാൻഡർ ഇന്ന് ചന്ദ്രനിലിറങ്ങും. ഇന്ത്യൻ സമയം, രാത്രി 8.30ന് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് താഴ്ന്നു തുടങ്ങും. 20 മിനിറ്റിന് ശേഷം ഷിയോളി ഗർത്തത്തിന് കിഴക്കായി ലാൻഡിംഗ് നടക്കും. ദൗത്യം വിജയിച്ചാൽ, ഇന്ത്യ, റഷ്യ, യു.എസ്, ചൈന എന്നിവർക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന രാജ്യമാകും ജപ്പാൻ.
സെപ്തംബർ 7ന് തെക്കൻ ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് എച്ച് 2 – എ റോക്കറ്റിലായിരുന്നു വിക്ഷേപണം.ജപ്പാൻ എയറോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി ( ജാക്സ ), നാസ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ ചേർന്ന് വികസിപ്പിച്ച ഒരു ഗവേഷണ ഉപഗ്രഹവും റോക്കറ്റിലുണ്ടായിരുന്നു. ചന്ദ്രനിലെ ലക്ഷ്യസ്ഥാനത്ത് ഏകദേശം 100 മീറ്റർ പരിധിയ്ക്കുള്ളിൽ കൃത്യമായി ഇറക്കുംവിധമാണ് പേടകത്തിന്റെ രൂപകല്പന.