കാൺപൂർ ഐഐടിയിൽ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ ഇന്നലെ കണ്ടെത്തി. പിഎച്ച്ഡി വിദ്യാർഥിയായ പ്രിയങ്ക ജയ്‌സ്വാളാണ് മരിച്ചത്. ഹോസ്റ്റൽ മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഹോസ്റ്റലിലെ മറ്റ് വിദ്യാർഥികൾ വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് കല്ല്യാൺപൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ 30 ദിവസത്തിനിടെ ഐഐടി കാമ്പസിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. ജനുവരി ആദ്യവാരം മീററ്റിൽ നിന്നുള്ള മറ്റൊരു പിഎച്ച്ഡി വിദ്യാർഥിയെ സമാന രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പായി ഡിസംബർ അവസാനം ഒഡിഷയിൽ നിന്നുള്ള റിസർച്ച് ഫാക്കൽറ്റി അംഗം പല്ലവി ആത്മഹത്യ ചെയ്‌തിരുന്നു. ഐഐടിയിൽ തുടർച്ചയായുണ്ടാകുന്ന ആത്മഹത്യ ഏറെ വിവാദങ്ങൾക്ക് കാരണമാകുന്നുണ്ട്. ആത്മഹത്യകൾ തുടർക്കഥയാകുമ്പോൾ ക്യാമ്പസിലെ പ്രവർത്തന സാഹചര്യത്തെ കുറിച്ചാണ് നിലവിൽ ചോദ്യങ്ങൾ ഉയരുന്നത്.