അയോദ്ധ്യ ഇനി ന്യൂ അയോദ്ധ്യ

At Malayalam
3 Min Read

രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗണ്‍ ഷിപ്പ് ആകാനൊരുങ്ങുകയാണ് അയോദ്ധ്യ. 1,100 ഏക്കറില്‍ പാരമ്പര്യ-ആധുനിക ശൈലികള്‍ സംയോജിപ്പിച്ച് നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് ഇനി ന്യൂ അയോദ്ധ്യ എന്നായിരിക്കും അറിയപ്പെടുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു.
ജനുവരി 22ന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ച് മുന്‍നിര വ്യവസായ ഗ്രൂപ്പുകളെല്ലാം അയോദ്ധ്യയില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഹോട്ടല്‍, ഹൗസിംഗ് കോളനികള്‍ എന്നിവയാണ് അവിടെ ഒരുങ്ങുന്നത്. കൂടാതെ രാജ്യത്തെ പ്രമുഖ ബാങ്കുകളും വാണിജ്യ സ്ഥാപനങ്ങളും ശാഖകള്‍ തുറക്കാനും തയ്യാറായി നില്‍ക്കുന്നു.

ക്ഷേത്രം വരുന്നതോടെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകും അയോദ്ധ്യയെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 80,000 മുതല്‍ ഒരുലക്ഷം വരെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.


എച്ച് ഡി എഫ് സി മുതല്‍ ജെ ആന്‍ഡ് കെ വരെ
വലിയ ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ട് അവിടെ കൂടുതല്‍ ശാഖകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്. നിലവില്‍ അയോദ്ധ്യയില്‍ മൂന്നു ശാഖകളുള്ള എച്ച് ഡി എഫ് സി ബാങ്ക് ഈ മാസം പുതിയൊരു ശാഖ കൂടി തുറക്കും. ഇതുകൂടാതെ മാര്‍ച്ച് അവസാനത്തോടെ മറ്റൊരു ശാഖയും തുറക്കുന്നുണ്ട്.

- Advertisement -

കര്‍ണാടക ബാങ്ക് കഴിഞ്ഞയാഴ്ചയാണ് 915-ാം ശാഖ അയോദ്ധ്യയില്‍ തുറന്നത്. മറ്റൊരു സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് എ ടി എമ്മുകളുടെ എണ്ണം ഉയര്‍ത്താനായി മൊബൈല്‍ എ ടി എമ്മുകള്‍ സ്ഥാപിച്ചു വരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവ സജ്ജീകരിക്കാനാണ് അവർ ആലോചിക്കുന്നത്.

അയോദ്ധ്യ ജില്ലിയില്‍ നിലവില്‍ 250 ഓളം ബാങ്ക് ശാഖകളുണ്ട്. ബാങ്ക് ഓഫ് ബറോഡയ്ക്കാണ് ഏറ്റവും കൂടുതല്‍ ശാഖകള്‍. 34 എണ്ണം. ജില്ലയുടെ ലീഡ് ബാങ്ക് കൂടിയാണ് ബാങ്ക് ഓഫ് ബറോഡ. എസ് ബി ഐക്ക് 26 ശാഖകളും പ്രാദേശിക ബാങ്കായ ബറോഡ യു.പി ഗ്രാമീണ്‍ ബാങ്കിന് 33 ശാഖകളുമുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിന് അയോദ്ധ്യ നഗരത്തില്‍ നാലു ശാഖകള്‍ കൂടാതെ മൊത്തം 21 ശാഖകളുണ്ട്. എയര്‍പോര്‍ട്ടിന് സമീപത്ത് മറ്റൊരു ശാഖ തുറക്കാന്‍ ബാങ്കിന് പദ്ധതിയുമുണ്ട്.

കനറ ബാങ്കിന് അയോദ്ധ്യ നഗരത്തില്‍ ആറു ശാഖകളും ജില്ലയില്‍ ആകെ 11 ശാഖകളുമുണ്ട്. രാമക്ഷേത്രത്തിനടുത്തായാണ് ഇതിലൊരെണ്ണം.

കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്ക് 2022 ഒക്ടോബറില്‍ അയോദ്ധ്യയില്‍ ശാഖ തുറന്നിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന് നിലവില്‍ ശാഖകളില്ല. അടുത്ത രണ്ടു വര്‍ഷത്തേക്ക് അതിനുള്ള പദ്ധതിയില്ലെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജുവലേഴ്‌സിന്റെ 250 മത്തെ ഷോറൂം അയോദ്ധ്യയില്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ശ്രീരാമക്ഷേത്രം സ്ഥാപിക്കാന്‍ 2019ല്‍ സുപ്രീം കോടതി അനുമതി നല്‍കിയതു മൂതല്‍ അയോദ്ധ്യ ബിസിനസ് സെന്ററായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ക്ഷേത്ര നിര്‍മാണത്തിനുള്ള സ്ഥലം കണ്ടെത്തിയതിനു ശേഷം 50 ശതമാനം വരെയാണ് അയോ
ദ്ധ്യയില്‍ സ്ഥലത്തിനു വില കൂടിയത്. താജ്, റാഡിസണ്‍സ് തുടങ്ങിയ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഗ്രൂപ്പുകളും അയോദ്ധ്യയില്‍ പദ്ധതികളുമായെത്തുന്നുണ്ട്. സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവന്‍ സ്റ്റാര്‍ ഹോട്ടലിന്റെയടക്കം നിര്‍മാണം ഉടന്‍ ആരംഭിക്കും. മുംബൈ ആസ്ഥാനമായ ഹോട്ടല്‍ ബിസിനസ് ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡാബര്‍ ഇന്ത്യ, കൊക്കക്കോള, ഐ ടി സി, പാര്‍ലെ തുടങ്ങിയ എഫ് എം സി ജി കമ്പനികളും അയോദ്ധ്യയില്‍ വിതരണ ശൃംഖലകള്‍ ശക്തമാക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റമാണ്
അയോദ്ധ്യയിൽ വന്നിരിക്കുന്നത്. അയോദ്ധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്റെ നവീകരണം ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. നിലവില്‍ 10,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. 240 കോടിയിലധികം രൂപ ചെലവിട്ടാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. നവീകരണം പൂര്‍ത്തിയാകുമ്പോള്‍ 60,000 പേരെ ഉള്‍ക്കൊള്ളാനാകും.

കൂടാതെ പുതിയ എയര്‍പോര്‍ട്ടും കഴിഞ്ഞ മാസം തുറന്നു. ‘മഹാഋഷി വാല്‍മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടി’ന് ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകുമെന്നാണ് കരുതുന്നത്. രണ്ടാം ഘട്ടത്തില്‍ ഇത് 60 ലക്ഷമായി ഉയരും. 6500
ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ആദ്യ ഘട്ട നിര്‍മാണത്തിന് 1,450 കോടി രൂപയിലധികം ചെലവായി. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനു സമാനമായാണ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന റാംപഥ്, ഭക്തിപഥ്, ധരപഥ്, ശ്രീരാമ ജന്മഭൂമി പാത എന്നീ നാലു റോഡുകളും വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന അയോദ്ധ്യ-സുല്‍ത്താന്‍പൂര്‍ നാലുവരി പാത, ശ്രീരാമ ജന്മഭൂമി വരെയുള്ള നാലുവരിപ്പാത എന്നിങ്ങനെ സ്വപ്‌ന സമാനമായ അടിസ്ഥാന സൗകര്യങ്ങളാണ് അയോദ്ധ്യയില്‍ ഒരുക്കിയിരിക്കുന്നത്.

അയോദ്ധ്യയിലെ ഏറ്റവും കണ്ണായ സ്ഥലമാണ് സരയൂ. ചെറുതും വലുതുമായി നൂറ്റിപ്പത്തോളം ഹോട്ടലുകള്‍ ഇവിടെ നിര്‍മാണം ആരംഭിക്കാനിരിക്കുന്നു. രാമക്ഷേത്രത്തില്‍ നിന്ന് 15 മിനിറ്റ് മാത്രം യാത്രാ ദൂരത്തിലുള്ള സരയുവില്‍ സിനിമാ താരം അമിതാഭ് ബച്ചനും വീടു പണിയാനായി സ്ഥലം വാങ്ങിയത് ശ്രദ്ധ നേടിയിരുന്നു. സരയൂ നദിക്കരയില്‍ കഫേകള്‍, ഭക്ഷണശാലകള്‍, വാട്ടര്‍ സ്‌പോര്‍ട്ടുകള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍ എന്നിവയും ഒരുക്കുന്നുണ്ട്. അങ്ങനെ അയോദ്ധ്യയ്ക്ക് പുതിയ മുഖഛായ വരികയാണ്.

Share This Article
Leave a comment