കുറച്ചു ദിവസങ്ങളായി അക്ഷതം എന്ന വാക്ക് കേൾക്കാൻ തുടങ്ങിയിട്ട്. പലർക്കും എന്താണ് അക്ഷതം എന്നോ , എന്താണ് ആ വാക്കിന്റെ അർത്ഥമെന്നോ വലിയ പിടിയില്ല, എങ്കിൽ പിന്നെ അതൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. അക്ഷതം എന്നാല്‍ ക്ഷതം ഇല്ലാത്തത് , നശിക്കാത്തത് ,പൊട്ടാത്തത് എന്നൊക്കെയാണ് അർത്ഥം വരുന്നത്.
ഹൈന്ദവ ആരാധാനാക്രമങ്ങളിലാണ് അക്ഷതം ഉണ്ടാവുക. അക്ഷതം മഞ്ഞൾ പൊടിക്കൊപ്പമാണ് പൂജാവേളയിൽ സമർപ്പിക്കാറുള്ളത്. വിവാഹ സമയത്ത് വധുവരൻമാരെ ബന്ധുക്കൾ അക്ഷതം നൽകി അനുഗ്രഹിക്കുന്നതും ഒരു ആചാരമാണ്. അക്ഷതം കയ്യിലെടുത്ത് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്തശേഷം മറ്റുള്ളവരുടെ മൂർദ്ധാവിലേക്ക് വിതറിയാണ് അനുഗ്രഹിക്കുന്നത്.
പൂജാവേളകളിൽ ഉപയോഗിക്കുന്ന അക്ഷതം മഞ്ഞൾ പൊടിക്കൊപ്പം ഭക്തർക്കു പൂജാദ്രവ്യമായി നൽകാറുമുണ്ട്. ഓരോ സ്ഥലത്തും ലഭ്യമാകുന്ന ധാന്യങ്ങളാണ് അക്ഷതത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത്. പക്ഷേ ധാന്യമേതായാലും അതു പൊട്ടിപ്പോകാൻ പാടില്ല. പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത ധാന്യo മാത്രേമേ അക്ഷതമായി ഉപയോഗിക്കാറുള്ളു. ഉണങ്ങിയ അരിയും നെല്ലും കൂടി ഒരുമിച്ചു ചേര്‍ത്താണ് കേരളത്തിൽ അക്ഷതം തയ്യാറാക്കുന്നത്. ചില സന്ദർഭങ്ങളിൽ എള്ളും കടുകും ചേര്‍ത്തും അക്ഷതം തയ്യാറാക്കും.
പച്ചരി, കുങ്കുമം, മഞ്ഞൾ പൊടി എന്നിവയാണ് തമിഴ്നാട്ടിൽ അക്ഷതം തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഗോതമ്പ് മുഖ്യവിളയായുള്ള സംസ്ഥാനങ്ങൾ സ്വാഭാവികമായും അതു തന്നെയാണ് അക്ഷതത്തിനും ഉപയോഗിക്കുക. ചില സ്ഥലങ്ങളിൽ പൂക്കൾക്കുപകരമായും പൂജാവേളകളിൽ അക്ഷതം ഉപയോഗിക്കാറുണ്ട്.
എന്തായാലും അക്ഷതം ഹൈന്ദവാചാരങ്ങൾ പ്രകാരമുള്ള പൂജാദ്രവ്യമാണ്. ഭക്ഷണത്തെ ഈശ്വരനായി കാണുന്ന സങ്കല്പമാകാം ഇതിനു പിന്നിലുമുണ്ടാവുക. മഞ്ഞൾ, കാലങ്ങളായി പൂജാദി വേളകളിൽ ഒഴിച്ചു കൂടാനാകാത്തതുമാണല്ലോ. മഞ്ഞളിന്റെ ഔഷധ ഗുണവും പ്രസിദ്ധമാണ്. ഇതൊക്കെയാകാം അക്ഷതം തയ്യാറാക്കുന്നതിനു പിന്നിലും.
thanks ..നല്ലോരു അറിവ് പകർന്നു തന്നതിന് ♥