‘ജസ്റ്റ് സോ സ്റ്റോറീസ്,’ ‘ഇഫ്’, ‘ദി ജംഗിള്‍ ബുക്ക്’ തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ റൂഡ്യാര്‍ഡ് കിപ്ലിംഗിന്റെ ചരമവാര്‍ഷിക ദിനമാണ് ജനുവരി 18. റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ജംഗിള്‍ ബുക്കും മൗഗ്ലിയെയും ആരും മറക്കില്ല. ഇപ്പോഴും കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരരായ കഥാപാത്രങ്ങളാണ് മൗഗ്ലിയും ബാലുക്കരടിയും ബഗീരനും അകേലയും കായുമൊക്കെ. കുട്ടികള്‍ക്കായി രചിച്ച ഈ ക്ലാസിക് കൃതിയുടെ പല തരത്തിലുള്ള ആഖ്യാനങ്ങള്‍ ലോകമെമ്പാടും ഇപ്പോഴും വായിക്കപ്പെടുന്നു.
ഇന്ത്യയില്‍ ജനിച്ച റുഡ്യാര്‍ഡ് കിപ്ലിംഗ് ഇംഗ്ലണ്ടില്‍ നിന്നും വിദ്യാഭ്യാസം നേടിയ ശേഷം 1882 ല്‍ ഇന്ത്യയിലേക്ക് മടങ്ങുകയും ഏഴു വര്‍ഷം അദ്ദേഹം പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയും ചെയ്തു. നിരവധി ചെറുകഥാ സമാഹാരങ്ങള്‍ക്കും ദ സെവന്‍ സീസ് (1896) പോലുള്ള കവിതാസമാഹാരങ്ങള്‍ക്കും പുറമേ, കിപ്ലിംഗ് 1890 കളില്‍ തന്റെ ഏറ്റവും അറിയപ്പെടുന്ന നോവലുകളും പ്രസിദ്ധീകരിച്ചു. ഈ കാലഘട്ടത്തില്‍ കിപ്ലിംഗ് കരോലിന്‍ ബാലെസ്റ്റിയറെ വിവാഹം കഴിക്കുകയും വെര്‍മോണ്ടിലെ ബ്രാറ്റില്‍ബോറോയില്‍ താമസമാക്കുകയും ചെയ്തു. അവിടെ വെച്ചാണ് അദ്ദേഹം പ്രസ്തമായ ജംഗിള്‍ ബുക്ക് (1894) എഴുതിയത്. ഒരു കൂട്ടം കഥകളുടെ സമാഹാരം ആയാണ് ജംഗിൾ ബുക്ക് പ്രസിദ്ധീകരിച്ചത്.
1907-ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച റുഡ്യാര്‍ഡ് കിപ്ലിംഗ് ഈ ബഹുമതി നേടിയ ആദ്യത്തെ ഇംഗ്ലീഷുകാരനാണ്. ഇന്നും സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തിയായി അദ്ദേഹം തുടരുന്നു.