ചെന്നൈയിൽ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന വിമാനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചു. സംഭവം സമയത്ത് 130 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അതേസമയം യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് ചെന്നൈ വിമാനത്താവള അധികൃതർ അറിയിച്ചു. മലേഷ്യൻ എയർലൈൻസ് (എംഎച്ച് 181) വിമാനനത്തിനാണ് കേടുപാടുണ്ടായത്. ചെന്നൈയിലെ അണ്ണാ ഇന്റർനാഷണൽ എയർപോർട്ടിൽ പുലർച്ചെ 12.20ന് പറന്നുയരുന്നതിന് മുൻപായി വിമാനത്തിന്‍റെ പിന്നിലെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റ് വിമാന സർവീസുകളെയോ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.