ഇൻഡിഗോ വിമാനകമ്പനിക്ക് 1.20 കോടി രൂപ പിഴയിട്ട് വ്യോമയാന സുരക്ഷാബ്യൂറോ. മുംബൈ രാജ്യാന്തര വിമാനത്താവളത്തിന് 90 ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. വഴിതിരിച്ചുവിട്ട വിമാനത്തിലെ യാത്രികർക്ക് റൺവേയിൽ തന്നെ ഭക്ഷണം കഴിക്കാനും ക്ഷീണം തീർക്കാനും അനുവാദം നൽകിയതിനാണ് നടപടി. ഇൻഡിഗോയ്ക്ക് 1.20 കോടി രൂപ പിഴയിട്ടപ്പോൾ മിയാലിന് അറുപത് ലക്ഷം രൂപയാണ് സുരക്ഷാബ്യൂറോ ചുമത്തിയത്. ഇതിന് പുറമെ മിയാലിന് മുപ്പത് ലക്ഷം രൂപ വ്യോമയാന ഡയറക്ടറേറ്റും പിഴ ചുമത്തി.
ഞായറാഴ്ച ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്. കനത്ത മൂടൽമഞ്ഞ് കാരണം ഡൽഹിയിൽ കാഴ്ചാപരിധി കുറഞ്ഞതോടെയാണ് മുംബൈയിൽ ഇറക്കേണ്ടി വന്നത്. യാത്രക്കാർ റൺവേയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതർ വിമാനത്താവളത്തിനും വിമാനക്കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിമാന കമ്പനിയുടെയും വിമാനത്താവള അധികൃതരുടെയും വിശദീകരണങ്ങൾ തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് പിഴ ചുമത്താൻ തീരുമാനിച്ചതെന്നും ബിസിഎഎസും ഡിജിസിഎയും അറിയിച്ചു.