പെട്രോൾ, ഡീസൽ വിലകൾ ലിറ്ററിന് 10 രൂപ വരെ കുറയ്ക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾ ആലോചിക്കുന്നു. ഫെബ്രുവരിയിൽ എണ്ണവിലയിൽ അഞ്ച് രൂപ മുതൽ 10 രൂപ വരെ കുറവ് പ്രതീക്ഷിക്കാം. എണ്ണക്കമ്പനികൾക്ക് വൻ ലാഭമുണ്ടായ സാഹചര്യത്തിലാണ് വില കുറക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.കമ്പനികളുടെ മൂന്നാംപാദ ലാഭഫലം പുറത്ത് വരുന്നതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. 2022 ഏപ്രിലിന് ശേഷം എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് എണ്ണക്കമ്പനികളുടേയും ലാഭം സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ 57,091.87 കോടിയായി ഉയർന്നിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ എണ്ണക്കമ്പനികളുടെ ലാഭം ഒരു ലക്ഷം കോടി കടക്കുമെന്നാണ് പ്രവചനം. അതേസമയം, ഹിന്ദുസ്ഥാൻ പെട്രോളിയം ജനുവരി 27-ാം തീയതി മൂന്നാംപാദ ലാഭഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് രണ്ട് എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഭാരത് പെട്രോളിയവും ഇതേസമയത്ത് തന്നെ ലാഭഫലം പ്രഖ്യാപിച്ചേക്കും.