പ്രിയതാരങ്ങളുടെ വീടിനു മുമ്പിൽ ആരാധകർ തടിച്ചു കൂടുന്നത് പതിവാണ്. അത് സൂപ്പർ താരങ്ങളാണെങ്കിൽ പറയുകയും വേണ്ട. മുംബൈയിൽ ഷാരൂഖ് ഖാനെ അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം കാണാനായി ആരാധകർ വീടിനു മുന്നിൽ തടിച്ചു കൂടുന്നതും താരം കൈവീശുന്നതുമെല്ലാം സ്ഥിരം വാർത്തയാണ്.
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ രജനീകാന്തിന്റെ വസതിക്കു മുന്നിലും ആരാധകർ തടച്ചു കൂടാറുണ്ട്. പിറന്നാൾ ദിവസം ചെന്നൈ പൊയസ് ഗാർഡനിലെ താരത്തിന്റെ വസതിക്കു മുന്നിൽ ആരാധകർ തടിച്ചു കൂടിയിരുന്നു. എല്ലാ വിശേഷ ദിവസങ്ങളിലും താരത്തിന് ആശംസകൾ നേരാനും ആരാധകർ അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ തടിച്ചു കൂടാറുണ്ട്. രജനീകാന്തും വീടിനു മുന്നിലെത്തുന്ന ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്.
എന്നാൽ, അദ്ദേഹത്തിന്റെ അയൽവാസികൾക്ക് ആരാധകരുടെ സ്നേഹപ്രകടനം അത്ര രസിക്കുന്നില്ലെന്നാണ് പുറത്തുവന്ന വീഡിയോയിലൂടെ വ്യക്തമാകുന്നത്. രജനീകാന്തിന്റെ അയൽവാസിയായ സ്ത്രീയാണ് അമർശം പരസ്യമായി പ്രകടിപ്പിച്ചത്. ഓരോ വിശേഷ ദിവസവും അതിരാവിലെ മുതൽ വീടിനു മുന്നിൽ ആളും ബഹളവുമാണ്. അവധി ദിവസമാണെങ്കിൽ പോലും സ്വസ്ഥമായി വീടിനുള്ളിൽ ഇരിക്കാൻ കഴിയുന്നില്ല. തങ്ങളും നികുതിയടച്ച് ജീവിക്കുന്നവരാണ്, എന്തിനാണ് ഇതൊക്കെ അനുഭവിക്കുന്നത്-രജനീകാന്തിനെ കാണാനെത്തിയ ആരാധകരോടായി സ്ത്രീയുടെ വാക്കുകൾ.
പൊങ്കൽ ദിനത്തിൽ ആശംസകളുമായി രജനീകാന്തിന്റെ വീടിനു മുന്നിൽ തടിച്ചു കൂടിയ ആരാധകരോടാണ് അയൽവാസി രോഷം പ്രകടിപ്പിച്ചത്. അയൽവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെ രജനീകാന്ത് മറ്റെവിടെയെങ്കിലും വെച്ച് ആരാധകരെ കാണണമെന്നും സ്ത്രീ ആവശ്യപ്പെട്ടു.