കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ‘ദി ബെസ്റ്റ്’ പുരസ്കാരം ഇന്റർ മയാമിയുടെ അർജന്റൈൻ സ്റ്റാർ ഫുട്ബോളർ ലയണൽ മെസിക്ക്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിങ് ഹാലണ്ട്, പിഎസ്ജിയുടെ ഫ്രെഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. ഇത് തുടർച്ചയായ രണ്ടാം തവണയാണ് മെസി ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടുന്നത്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനയ്ക്കായും, ക്ലബ്ബ് ഫുട്ബോളിൽ പിഎസ്ജി, ഇന്റർ മയാമി എന്നിവർക്കായും പുറത്തെടുത്ത പ്രകടനങ്ങളാണ് മെസിയെ പുരസ്കാരത്തിന് അർഹനാക്കിയത്.
ബാഴ്സലോണയുടെ സ്പാനിഷ് സ്ട്രൈക്കർ ഐതാന ബോന്മാറ്റി മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ മികച്ച പുരുഷ ടീം മാനേജർക്കുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയ്ക്കാണ്. ഇന്റർ മിലാന്റെ ഇൻസാഗി, നാപ്പോളിയുടെ ലൂസിയാനോ സ്പല്ലേറ്റി എന്നിവരെ മറികടന്നാണ് ഗ്വാർഡിയോളയുടെ നേട്ടം. മികച്ച വനിതാ ടീം മാനേജർ ഇംഗ്ലണ്ടിന്റെ സറിന വീഗ്മാനാണ്. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ സ്വന്തമാക്കി.