വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ മത്സരത്തിനിറക്കാൻ സി പി എം തീരുമാനം.മുതിർന്ന നേതാക്കളായ ഡോ. ടി.എം. തോമസ് ഐസക്, എ.കെ. ബാലൻ, കെ.കെ. ശൈലജ, മറ്റൊരു പ്രധാന നേതാവായ എം. സ്വരാജ് എന്നിവരെ മത്സരത്തിനിറക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതു സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായതായി അറിയുന്നു. എന്നാൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനകമ്മിറ്റിയുമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
ചില മണ്ഡലങ്ങളിൽ ശ്രദ്ധയോടെ പ്രവർത്തിക്കാൻ പാർട്ടി ഈ നേതാക്കളോട് നിർദേശിച്ചതായും മനസിലാക്കുന്നു. തോമസ് ഐസക് പത്തനംതിട്ട, എ.കെ. ബാലൻ ആലത്തൂര് , കെ.കെ. ശൈലജ കണ്ണൂർ അല്ലെങ്കിൽ വടകര എന്നിവിടങ്ങളിലാകും മത്സരിക്കാൻ സാധ്യത. എം. സ്വരാജ് പാലക്കാട് മത്സരിക്കാൻ സാധ്യതയുണ്ട്.
നിലവിൽ ഒരു സീറ്റിൽമാത്രമാണ് കേരളത്തിൽ നിന്ന് സി.പി.എം പ്രതിനിധിയുള്ളത്. ഇത്തവണ എന്തു വില കൊടുത്തും പാർലമെന്റിൽ പാർട്ടിക്ക് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചേ മതിയാകു.
പത്തനംതിട്ട മണ്ഡലത്തിൽ റാന്നിയിലെ മുൻ എം എൽ എ രാജു എബ്രഹാമിന്റെ പേരും പരിഗണനയിലുണ്ട്. ഈ മണ്ഡലങ്ങളിലൊക്കെ തന്നെ വിജയത്തിൽ കവിഞ്ഞൊന്നും സി പി എം പ്രതീക്ഷിക്കുന്നില്ല.