കൈയ്യക്ഷരവും എ ഐ അതേപടി പകർത്തും

At Malayalam
1 Min Read

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു വ്യക്തിയുടെ ശബ്ദം അതുപോലെ അനുകരിക്കാനും ഡീപ്പ് ഫേക്ക് വീഡിയോകള്‍ നിര്‍മിക്കാനും സാധിക്കുമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ഒരു വ്യക്തിയുടെ കയ്യെഴുത്ത് രീതി അനുകരിക്കാനാവുന്ന എഐ വികസിപ്പിച്ചിരിക്കുകയാണ് അബുദാബിയിലെ മൊഹമ്മദ് ബിന്‍ സയ്യിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ (എംബിസെഡ്‌യുഎഐ) ഗവേഷകര്‍

ഒരാള്‍ കൈകൊണ്ട് എഴുതിയ കുറച്ച് ഖണ്ഡികകളില്‍ നിന്ന് അയാളുടെ കയ്യെഴുത്ത് രീതി തിരിച്ചറിയാനും അത് അനുകരിച്ച് എഴുതാനും ഈ എഐയ്ക്ക് സാധിക്കും. ഒരു ട്രാന്‍സ്‌ഫോര്‍മര്‍ മോഡല്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഇത്തരം സാങ്കേതിക വിദ്യയ്ക്ക് യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നിന്ന് പേറ്റന്റ് ലഭിക്കുന്ന ആദ്യത്തെ എഐ സര്‍വകലാശാലയാണ് തങ്ങളെന്ന് എംബിസെഡ്‌യുഎഐ ഗവേഷണ സംഘം പറയുന്നു.

- Advertisement -


കയ്യെഴുത്തുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ആപ്പുകളും റോബോട്ടുകളും ഇതിനകം നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അക്ഷരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങള്‍ സമീപകാലത്ത് ത്വരിതഗതിയില്‍ നടക്കുന്നുണ്ട്.

കൈക്ക് പരിക്കേറ്റ ഒരാള്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതുന്നതിനും, ഡോക്ടര്‍മാരുടെ മരുന്നുകുറിപ്പുകള്‍ വായിച്ചെടുക്കുന്നതിനുമെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാവും. ഇങ്ങനെ ഒട്ടേറെ നേട്ടങ്ങള്‍ ഇതുകൊണ്ട് പറയുന്നുണ്ടെങ്കിലും ഈ സാങ്കേതിക വിദ്യ ദോഷകരമാവുമോ എന്ന ആശങ്കയുണ്ട്. എന്നാല്‍ വ്യാജ രേഖകള്‍ക്കും ദുരുപയോഗത്തിനും ഇത് വഴിവെക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. അതിനാല്‍ സാങ്കേതിക വിദ്യ വിന്യസിക്കേണ്ടത് വളരെ ആലോചിച്ച് വേണമെന്ന് ഗവേഷകര്‍ തന്നെ പറയുന്നു.


വൈറസിന് വേണ്ടി ആന്റി വൈറസ് നിര്‍മിക്കുന്നത് പോലെ ഇതുമായി ബന്ധപ്പെട്ട് നമുക്ക് പൊതു അവബോധം സൃഷ്ടിക്കുകയും വ്യാജരേഖകള്‍ തടയുന്നതിനുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കുകയും വേണമെന്ന് എംബിസെഡ്‌യുഎഐയില്‍ കംപ്യൂട്ടര്‍ വിഷന്‍ അസിസ്റ്റന്റ് പ്രൊഫസറായ ഹിഷാം ചോലക്കല്‍ പറഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ സാങ്കേതികവിദ്യയുടെ വിവിധ ഉപയോഗസാധ്യതകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. ഇതിനായി വാണിജ്യ പങ്കാളികളെ തേടുന്നുണ്ട്.

പൊതുമധ്യത്തില്‍ ലഭ്യമായ കയ്യെഴുത്തുകള്‍ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചത്. ഇതിന് ഇംഗ്ലീഷിലുള്ള എഴുത്തുകള്‍ പഠിക്കാനും എഴുതാനും സാധിക്കും. അറബി ഭാഷ എഐയെ പരിശീലിപ്പിക്കുന്നുണ്ട്.

Share This Article
Leave a comment