ഏകീകൃത സിവിൽ കോഡ് ഉടൻനടപ്പാക്കുമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ഏതെങ്കിലും സംസ്ഥാനം ഒന്നാമതെത്തിയാൽ അത് ഉത്തരാഖണ്ഡായിരിക്കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.ഉത്തരാഖണ്ഡിൽ സംഘടിപ്പിച്ച ‘ഉത്തരായണി കൗതിക്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. 2022ൽ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിൻ്റെ ഏകീകൃത സിവിൽ കോഡ്.
അതിനാൽ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭയിൽ തന്നെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഇതിനുള്ള നീക്കം തുടങ്ങി. സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായി വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്‌ധ സമിതി രൂപീകരിച്ചു. തുടർന്ന് സമിതി നിർദിഷ്ട യുസിസിയുടെ കരട് തയ്യാറാക്കുകയും അത് സർക്കാരിന് കൈമാറുകയും ചെയ്‌തിരുന്നു. കരട് തയ്യാറാക്കവെ ഉത്തരാഖണ്ഡിലെ രാഷ്ട്രീയക്കാർ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, സാധാരണക്കാർ എന്നിവരുടെ അഭിപ്രായങ്ങൾ സമിതി പരിഗണിച്ചു.