നാളെ പുലര്‍ച്ചെ 2.46 ന് മകരസംക്രമം നടക്കും. മകരവിളക്കിന് തീര്‍ഥാടകര്‍ക്ക് ദര്‍ശനം സുഗമമാക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്‍റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ തയ്യാറെടുപ്പുകളാണ് നടത്തിയത്.ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിച്ച് വരികയാണ്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് പ്രധാനമായും നടക്കുക.
മകരസംക്രമ സന്ധ്യയില്‍ അയ്യപ്പന് ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ട് 5.30 ന് ശരംകുത്തിയിലെത്തും. ശ്രീകോവിലില്‍ പൂജിച്ച മാലകള്‍ ചാര്‍ത്തി ദേവസ്വം പ്രതിനിധികളെത്തി തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകീട്ട് 6.30 ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തും. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്.
മകരവിളക്ക് ദര്‍ശനത്തിനായി 10 വ്യൂ പോയിന്‍റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, ബിഎസ്എന്‍എല്‍ ഓഫീസിന് വടക്കുഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകള്‍ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുന്‍വശം, ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയ പത്ത് വ്യൂ പോയിന്‍റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ച്വൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദർശനത്തിനായി എത്തിയ തീർത്ഥാടകർ ശാലകൾ കെട്ടി കാത്തിരിക്കുകയാണ്. ഇവർക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്. മകരവിളക്കിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി 1000 പൊലീസുകാരെ കൂടുതലായി പമ്പ മുതൽ പുല്ലുമേട് വരെയുള്ള പ്രദേശത്ത് വിന്യസിച്ചു. പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്നായി 800 ബസുകള്‍ പമ്പയില്‍ എത്തിക്കും. മകരജ്യോതി ദര്‍ശനം കഴിഞ്ഞിറങ്ങുന്നവര്‍ക്കായി കൂടുതല്‍ ചെയിന്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പമ്പ ഹില്‍ടോപ്പ് മുതല്‍ ഇലവുങ്കല്‍ വരെ നിശ്ചിത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ ഇടതടവില്ലാതെ സര്‍വീസ് നടത്തും. ഉത്സവശേഷം നട അടയ്ക്കുന്ന 20ന് രാത്രിവരെ ചെയിന്‍ സര്‍വീസുകളും 21ന് പുലര്‍ച്ചെ നാലുവരെ ദീര്‍ഘദൂര സര്‍വീസുകളും നടത്തും.