ഡൽഹി അതിശൈത്യം; തീകായുന്നതിനിടെ ശ്വാസം മുട്ടി 4 മരണം

At Malayalam
1 Min Read

അതി ശൈത്യത്തിൽ തണുത്തു വിറച്ച് ഡൽഹി. ശൈത്യം രൂക്ഷമായതിനിടെ തീകാഞ്ഞു കൊണ്ടിരുന്ന കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം. തണുപ്പിൽ നിന്ന് രക്ഷ നേടാൻ മുറിയിൽ കത്തിച്ചു വെച്ചിരുന്ന കൽക്കരിയിലെ പുക മുറിയിൽ നിറഞ്ഞ് ശ്വാസം മുട്ടിയാണ് നാലുപേർക്ക് ജീവൻ നഷ്ടമായത്. മരിച്ചവരിൽ‌ 2 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. ഡൽഹിയിലെ ആലിപൂരിലാണ് സംഭവം.  ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തിൽ ജന ജീവിതം ദുസ്സഹമായി തീർന്നിരിക്കുകയാണ്. കനത്ത മൂടൽമഞ്ഞ് കാരണം പല സംസ്ഥാനങ്ങളിലും ​ഗതാ​ഗതം താറുമാറായി. വരും ദിവസങ്ങളിലും സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്.

കൊടും ശൈത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ റെക്കോഡ് മൂടൽമഞ്ഞാണ് രേഖപ്പെടുത്തിയത്.  ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. രാവിലെ 6 മണിക്കാണ് ഡൽഹി ആലിപൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ വീടിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. തീകായുന്നതിനായി മുറിയിൽ കത്തിച്ചുവച്ച കൽക്കരിയിൽനിന്നുയർന്ന പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നി​ഗമനം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

- Advertisement -

രാവിലെ ഡൽഹിയിൽ ഉൾപ്പടെ പലയിടത്തും കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയതോടെ ​ഗതാ​ഗതം താറുമാറായി. 22 തീവണ്ടികൾ വൈകി. ഡൽഹിയിലിറങ്ങേണ്ട 8 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഭാരത് ജോഡോ ന്യായ് യാത്രക്കായി രാഹുൽ ​ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പോകാനിരുന്ന വിമാനവും മണിക്കൂറുകളോളം വൈകി. 11 മണിക്ക് ശേഷമാണ് സ്ഥിതി മെച്ചപ്പെട്ടത്. 3.4 ഡി​ഗ്രി സെൽഷ്യസാണ് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. 5 ദിവസം കൂടി സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. സീസണിലെ ഏറ്റവും കനത്ത മൂടൽമഞ്ഞാണ് ഇന്ന് രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സ്ഥിതി തുടരുകയാണെങ്കിൽ ജനജീവിതം കൂടുതൽ ദുരിതത്തിലാകും.

Share This Article
Leave a comment