എതിരാളികളെ പിന്നിലാക്കാനിതാ പുത്തൻ വാഹനവുമായി മഹീന്ദ്ര എത്തുകയാണ്. തങ്ങളുടെ പുതിയ എക്‌സ്‍ യു വി 400 പ്രോ ശ്രേണിയാണ് കമ്പനി പുറത്തിറക്കിയത്. 15.49 ലക്ഷം രൂപ മുതൽ 17.49 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. ഈ വിലകൾ തുടക്കത്തിൽ മാത്രം ലഭ്യമാവുന്നതായിരിക്കും. 2024 മെയ് 31 വരെയുള്ള ഡെലിവറികൾക്ക് ഇത് ബാധകമാണ്.
21,000 രൂപയ്ക്ക് ആണ് ബുക്കിംഗ് നടത്തുക. ഫെബ്രുവരി ഒന്നു മുതൽ ഡെലിവറി ആരംഭിക്കും. ഡാഷ്‌ബോർഡിലേക്കുള്ള അപ്‌ഡേറ്റുകളും പുതിയ ഫീച്ചറുകളുമാണ് ഏറ്റവും വലിയ പ്ലസ് പോയിന്റുകൾ, എങ്കിലും, എഞ്ചിനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇത് മാറ്റമില്ലാതെ തുടരുന്നു. മാത്രമല്ല പ്രധാന സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകളും ഈ മോഡലിൽ ലഭിക്കുന്നില്ല.പുതിയ പ്രോ ശ്രേണി ഔട്ട്‌ഗോയിംഗ് ട്രിമ്മുകൾക്കൊപ്പം സ്‌റ്റോക്കുകൾ അവസാനിക്കുന്നിടത്തോളം വിൽക്കും. എക്‌സ്‍ യു വി 400 പ്രോയിൽ നെബുല ബ്ലൂ നിറവും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. എക്‌സ്‍യുവി 400 പ്രോയ്ക്ക് ഇപ്പോൾ 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ലഭിക്കുന്നു, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഇതിലുണ്ടാകും. രണ്ട് പുതിയ ട്രിമ്മുകളിൽ ഈ വാഹനം ലഭ്യമാണ്. ഇസി പ്രോ, ഇഎൽ പ്രോ എന്നിവയാണത്.
കാര്യമായ ഡിസൈൻ മാറ്റമൊന്നും തന്നെ വരുത്തിയിട്ടില്ല. എന്നാൽ ഇന്റീരിയറിൽ ചെറിയ മാറ്റങ്ങൾ ഉണ്ട് താനും. ഉള്ളിൽ ഓൾ-ബ്ലാക്ക് ഇന്റീരിയർ ഒരു പുതിയ ബ്ലാക്ക് ആൻഡ് ബീജ് ഡ്യുവൽ-ടോൺ തീമിന് വഴിയൊരുക്കുന്നതാണ്.
ഡാഷ്‌ബോർഡിന്റെ പാസഞ്ചർ സൈഡിന് ഒരു പുതിയ ഗ്ലോസ് ബ്ലാക്ക് ഗാർണിഷ് നൽകിയിട്ടുണ്ട്, എന്നാൽ ഇവിടെയുള്ള സൂക്ഷ്‌മമായ കോപ്പർ ആക്‌സന്റുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. സ്‌റ്റിയറിംഗ് വീലും ഒരു പുതിയ ഫ്ലാറ്റ്-ബോട്ടം യൂണിറ്റാണ്, ഇൻസ്ട്രുമെന്റ് ബിനാക്കിൾ മുമ്പത്തെ പോലെ തന്നെയാണെങ്കിലും, അനലോഗ് ഡയലുകൾക്ക് പകരമായി ഒരു പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ സ്‌ക്രീൻ വാഹനത്തിൽ നൽകിയിട്ടുണ്ട്.
ഈ വേരിയന്റിൽ മുമ്പത്തേതിൽ നിന്ന് എഞ്ചിൻ കാര്യങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഇ സി പ്രോ, ഇ എൽ പ്രോ എന്നിവയ്ക്ക് 34.5kWh ബാറ്ററി ലഭിക്കുന്നു. ഇഎൽ പ്രോ 39.4kWh ബാറ്ററിയിലും ലഭ്യമാണ്.ഇസി പ്രോയ്ക്ക് 3.3 കിലോവാട്ട് എസി ചാർജർ മാത്രമേ ലഭിക്കൂ, അതേസമയം എൽ പ്രോയ്ക്ക് രണ്ട് ബാറ്ററി ഓപ്‌ഷനുകൾക്കും വേഗതയേറിയ 7.2 കിലോവാട്ട് എസി ചാർജർ ലഭിക്കും. 34.5kWh ബാറ്ററിക്ക് 375 കിലോമീറ്ററും 39.4kWh ബാറ്ററിക്ക് 456 കിലോമീറ്ററും പരിധി ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.