നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ അലബാമ സംസ്ഥാനത്തിന് അനുമതി നൽകി യു.എസ് ഫെഡറൽ കോടതി. ഈ മാസം 25ന് കെന്നത്ത് യൂജിൻ സ്മിത്ത് എന്നയാളുടെ വധശിക്ഷ ഈ രീതിയിൽ നടപ്പാക്കും. നൈട്രജൻ നൽകി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യർത്ഥന കോടതി തള്ളി. എന്നാൽ, ഈ മാർഗ്ഗം ക്രൂരവും പരീക്ഷണാത്മകവുമാണെന്ന് വിദഗ്ദ്ധർ പറയുന്നു. മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.
യു.എസിൽ ഇതാദ്യമായാണ് നൈട്രജനിലൂടെ വധശിക്ഷ നടപ്പാക്കുന്നത്. അതേ സമയം, കോടതി ഉത്തരവിനെതിരെ സ്മിത്തിന്റെ അഭിഭാഷകർ അപ്പീൽ നൽകിയേക്കും.പ്രതിയെ പ്രത്യേക തരം മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിക്കാനാണ് നീക്കം. ഇതിലൂടെ ശരീരത്തിലെ ഓക്സിജൻ നഷ്ടമായി മരണത്തിന് കീഴടങ്ങും. നിലവിൽ, അലബാമ, മിസിസിപ്പി, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് നൈട്രജൻ വഴിയുള്ള വധശിക്ഷയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളത്. എന്നാൽ ആദ്യമായാണ് ഈ രീതി പ്രയോഗിക്കാൻ ഒരുങ്ങുന്നത്.