മാലദ്വീപുമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും അതിനായി പദ്ധതികൾ രൂപീകരിക്കാൻ തയാറാണെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഷീയുടെ പ്രതികരണം.
നടന്ന കൂടിക്കാഴ്ചയ്ക്കിടെ മുയിസുവിനെ ‘ പഴയ സുഹൃത്ത് ‘ എന്നാണ് ഷീ അഭിസംബോധന ചെയ്തത്. മാലദ്വീപിൽ കൂടുതൽ നിക്ഷേപത്തിന് ചൈന ഒരുങ്ങുന്നതായാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിൽ ടൂറിസം മേഖലയിലടക്കം 20 കരാറുകളിൽ ഒപ്പിട്ടു. മാലദ്വീപിന് ചൈന വൻ തുക സഹായ വാഗ്ദ്ധാനവും നൽകി. എന്നാലിത് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരത്തിന്റെ ഏകോപനത്തിന് ഇരുരാജ്യങ്ങൾക്കുമിടെയിൽ നേരിട്ടുള്ള വിമാന സർവീസുകൾ കൂട്ടാമെന്ന് ഷീ അറിയിച്ചു.
മാലദ്വീപിന്റെ സാമ്പത്തിക വിജയത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ചൈന വഹിച്ച നിർണായക പങ്കിന് നന്ദിയറിയിക്കുന്നതായി മുയിസു പറഞ്ഞു. ബീജിംഗിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മ്യൂസിയം സന്ദർശിച്ച ശേഷമാണ് മുയിസു ഷീയെ കണ്ടത്.