നായകൻ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. സംവിധായകനോ ? യുവ സംവിധായക നിരയിൽ ഏറെ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി. ഈ രണ്ടു പേരുകൾ മാത്രം മതി തിയറ്ററുകളെ പൂരപ്പറമ്പാക്കാൻ. പ്രഖ്യാപിച്ചതു മുതൽ ഏറെ ശ്രദ്ധനേടിയ, ഇപ്പോഴും സജീവമായി ചർച്ച ചെയ്തു കൊണ്ടിരിയ്ക്കുന്ന ചിത്രം കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’. സൂപ്പർതാരവും സൂപ്പർ സംവിധായകനും ഒന്നായാൽ മെഗാഹിറ്റിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ടല്ലോ?
മലൈക്കോട്ടൈ വാലിബൻ റിലീസിന് ഇനി ദിവസങ്ങളേയുള്ളു. എന്താകും ലിജോ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബ്രില്യൻസ് എന്നറിയാൻ വലിയ ആവേശത്തിലാണ് ആരാധകർ. എന്തായാലും മുന്‍വിധികളെയാകെ മാറ്റിമറിക്കുന്ന ചിത്രമാകും ഇതെന്ന് ഉറപ്പാണ്. റിലീസിനോട് അനുബന്ധിച്ചുള്ള ഫ്ലക്സുകളും പോസ്റ്ററുകളും ഇതിനോടകം നിരത്തുകളിൽ നിറഞ്ഞിട്ടുണ്ട്. വാലിബനുമായി ബന്ധപ്പെട്ട് വരുന്ന പോസ്റ്ററുകളും മറ്റും സോഷ്യൽ മീഡിയയിൽ തരംഗമാണ്. എന്നാൽ, മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയതിയിലെ ബ്രില്യൻസ് കടലമാണ് എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
സംഗതി രസകരമാണ് . 2024 ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ്. അന്ന് വ്യാഴാഴ്ച്ച. പിന്നാലെ വരുന്ന മൂന്നു ദിനങ്ങൾ അവധിയാണ്. അതായത്, ജനുവരി 26 റിപ്പബ്ലിക് ഡേ, ജനുവരി 27 ശനി, ജനുവരി 28 ഞായർ. റിലീസ് ചെയ്ത് ആദ്യദിനം മുതൽ മികച്ച പ്രതികരണം കൂടി ലഭിക്കുകയാണെങ്കിൽ ഈ നാലു ദിവസവും മലൈക്കോട്ടൈ വാലിബൻ ബോക്സ് ഓഫീസ് അടിച്ചു പൊളിക്കുമെന്ന് ഉറപ്പാണ്. ഇതിനോടകം ആവേശം വാനോളം ഉയർത്തിയിട്ടുള്ള സിനിമ ആയതിനാൽ തിയറ്റർ ക്രൗഡും വലുതായിരിക്കും എന്നാണ് വിലയിരുത്തൽ. വേറെ വലിയ റിലീസുകൾ പ്രഖ്യാപിച്ചിട്ടുമില്ല ഇപ്പോഴെങ്ങും പ്രഖ്യാപിച്ചിട്ടുമില്ല.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വാലിബന്‍. മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോയുടേതായി തൊട്ടു മുമ്പ് റിലീസ് ചെയ്തത്. വന്‍ പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.