50 വർഷത്തിനുശേഷം യുഎസിൽനിന്നും ചന്ദ്രനിലേക്കു നടത്തുന്ന പര്യവേശണ ദൗത്യം പരാജയമാകുന്നു. അമേരിക്ക നിർമ്മിച്ച ആദ്യത്തെ ചാന്ദ്ര ലാൻഡറിന് വാൽവ് തകരാറിലായതിനെ തുടർന്ന് ദൗത്യം പൂർത്തിയാക്കാൻ കഴിയില്ല. ആസ്ട്രോബോട്ടിക് നിർമ്മിച്ച ചാന്ദ്ര ലാൻഡറായ പെരെഗ്രിൻ മിഷൻ വൺ തിങ്കളാഴ്ച ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് വിക്ഷേപിച്ച് മണിക്കൂറുകൾക്ക് ശേഷം ഇന്ധനം ചോരാൻ തുടങ്ങി. ഏകദേശം 40 മണിക്കൂറിനുള്ളിൽ പ്രൊപ്പല്ലന്റ് തീരുമെന്നു കരുതുന്നതായി ചൊവ്വാഴ്ച രാത്രി കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
യുണൈറ്റഡ് ലോഞ്ച് അലയൻസ് കമ്പനിയുടെ 200 അടി പൊക്കമുള്ള പുതിയ റോക്കറ്റായ വൾക്കനിലായിരുന്നു വിക്ഷേപണം. ഫെബ്രുവരി 23ന് ആണ് ലാൻഡിങ് ലക്ഷ്യമിട്ടത്.ഇതു വിജയിച്ചിരുന്നെങ്കിൽ ചന്ദ്രനിൽ ലാൻഡിങ് നടത്തുന്ന ആദ്യ സ്വകാര്യ കമ്പനിയായി ആസ്ട്രബോട്ടിക് മാറിയേനെ. ഇന്ത്യ, യുഎസ്, റഷ്യ, ചൈന എന്നീ 4 രാജ്യങ്ങൾ മാത്രമാണ് ഇതിനു മുൻപ് ചന്ദ്രനിൽ ലാൻഡർ ഇറക്കിയിട്ടുള്ളത്.