കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും പോലീസ് ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി 22-ന് വീണ്ടും പരിഗണിക്കും.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.ക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നാണ് വാദം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
അന്തിമ റിപ്പോര്‍ട്ടിനെതിരേ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം വിചാരണക്കോടതിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി അന്ന് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. തുടര്‍ന്നു നല്‍കിയ ഹര്‍ജി വിചാരണക്കോടതി തളളിയതിനെതിരേയാണ് വീണ്ടും ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് ഹര്‍ജിക്കാര്‍. പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 2022 ഒക്ടോബര്‍ 14-ന് ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്.