ദേശീയ താരങ്ങൾ ആഭ്യന്തര മത്സരങ്ങളിൽ കളിക്കുന്നത് നിർബന്ധമാക്കി അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി. സംസ്ഥാന ടീമിൽ സ്ലോട്ട് ഒഴിവുണ്ടെങ്കിൽ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റിന് ഇറങ്ങണമെന്ന് കളിക്കാർക്ക് നിർദേശം നൽകിയതായി ബിസിസിഐ അറിയിച്ചു. ഇതിന് തയ്യാറാവാത്ത കളിക്കാരെ ഇനി മുതൽ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും അഗാർക്കർ വ്യക്തമാക്കി.
അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ ഉൾപ്പെടാതിരുന്നിട്ടും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ തുടങ്ങിയ ചില കളിക്കാർ രഞ്ജി ട്രോഫിയിൽ കളിക്കാതെ പ്രമോഷനുകൾ ഉൾപ്പടെയുള്ള മറ്റ് കാര്യങ്ങളിൽ ഏർപ്പെട്ടത് ബിസിസിഐയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിലവിലെ തീരുമാനമെന്നാണ് വിവരം.