മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപറക്കൽ ജൂണിന് മുൻപ് നടത്തും. മനുഷ്യപേടകവുമായി യാത്രികരില്ലാതെയാണ് ആദ്യപറക്കൽ. പിന്നീട് റോബോട്ടുമായി രണ്ടാം പറക്കൽ നടത്തും. മനുഷ്യരുമായുള്ള പറക്കൽ 2025ലാണ്. 2014ൽ പ്രഖ്യാപിച്ച പദ്ധതി കൊവിഡ് മൂലമാണ് വൈകിയത്.
ആദ്യ പരീക്ഷണപറക്കലിൽ ഗഗൻയാൻ പേടകം ജി.എസ്.എൽ.വി. റോക്കറ്റുപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിൽ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കും. ഭൂമിയിൽ നിന്ന് 165കിലോമീറ്റർ ഉയരത്തിൽ ഓർബിറ്റൽ മൊഡ്യൂൾ വിക്ഷേപിക്കും. അത് പിന്നീട് മുകളിലേക്ക് ഉയർത്തി 350കിലോമീറ്ററിന് മേലെ എത്തിക്കും. അവിടെ നിന്ന് ഭൂമിയെ ഒരു തവണ പ്രദക്ഷിണം വയ്ക്കും. പിന്നീട് ഭൂമിയിലേക്ക് തിരിച്ചുവന്ന് കടലിൽ പതിക്കും.
10,000 കോടി രൂപയാണ് പദ്ധതി ചെലവ്. വിജയിച്ചാൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. റഷ്യ, അമേരിക്ക, ചെെന എന്നിവരാണ് മറ്റ് രാജ്യങ്ങൾ.