പുവൽവാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടി സമയത്ത് പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ മോചിപ്പിച്ചില്ലെങ്കിൽ 9 മിസൈലുകൾ തയ്യാറാണെന്ന ഇന്ത്യൻ ഭീഷണിക്കു മുന്നിൽ പാകിസ്ഥാന് വഴങ്ങേണ്ടി വന്നെന്ന് വെളിപ്പെടുത്തൽ.
പാകിസ്ഥാനിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണറായിരുന്ന അജയ് ബിസാരിയയുടെ ‘ആങ്കർ മാനേജ്മെന്റ് : ദ് ട്രബിൾഡ് ഡിപ്ലോമാറ്റിക് റിലേഷൻഷിപ്പ് ബിറ്റവീൻ ഇന്ത്യ ആൻഡ് പാകിസ്ഥാൻ’ എന്ന പുസ്തകത്തിലാണ് ഉന്നതതല നയതന്ത്ര നീക്കങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.
ഇന്ത്യ വിക്ഷേപിക്കാൻ തയ്യാറാക്കിയ 9 മിസൈലുകൾ ഏതുനിമിഷവും പതിച്ചേക്കാമെന്ന പേടിയിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ ഭരണകൂടം യു.എസിന്റെയും യു.കെയുടെയും സഹായം തേടി.
ഇന്ത്യയോട് നേരിട്ട് അപേക്ഷിക്കാനാണ് അവർ പറഞ്ഞത്. തുടർന്ന് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ ഇമ്രാൻ ഖാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത ദിവസം അഭിനന്ദനെ മോചിപ്പിക്കുന്നതായി ഇമ്രാന് പാർലമെന്റിൽ പ്രഖ്യാപിക്കേണ്ടി വന്നു.
2019 ഫെബ്രുവരി 14നു നടന്ന പുൽവാമ ആക്രമണത്തിനു പിന്നാലെ 26ന് ബാലക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തുന്നതിനിടെയാണ് അഭിനന്ദൻ പാക് പിടിയിലായത്.