തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയടക്കം പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ചെന്നൈ, കടലൂര്‍, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി അടക്കം പത്തുജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധിയായിരിക്കും. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 22 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴയെ തുടർന്ന് വിവിധ നഗരങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. തിരുവാരൂരിൽ കനത്ത മഴയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒൻപത് വയസുകാരി മരിച്ചു. തമിഴ്നാട്ടിൽ കാലവർഷം ശക്തിയാർജിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത ഏഴ് ദിവസത്തേക്ക് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ കൂടുതൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. ഡിസംബറിൽ തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ പ്രളയമുണ്ടായിരുന്നു.