ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാറിൽ ഒപ്പുവച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി, സൗദി ഹജ്ജ്- ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്നിഹിതനായിരുന്നു.
വിശ്വാസികൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം അഭിനന്ദനീയമെന്ന് സൗദി പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് തനിച്ച് ഹജ് നിർവഹിക്കാൻ പ്രോത്സാഹനം നൽകുന്നത് ലിംഗസമത്വം ഉറപ്പാക്കുന്ന ഇന്ത്യൻ നിലപാടിന്റെ ഭാഗമായാണെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർത്ഥാടകരുടെയും സമഗ്രക്ഷേമം ഉറപ്പാക്കുന്നതിനും, ആരോഗ്യസേവനം വർദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ മന്ത്രിതല ചർച്ചയിൽ നടന്നു. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.