സംസ്ക്കരിച്ചയാൾ ‘ജീവനോടെ’ തിരിച്ചെത്തി

At Malayalam
1 Min Read

ആറുദിവസം മുമ്പ് മരിച്ചെന്ന് കരുതി സംസ്ക്കരിച്ചയാൾ ‘ജീവനോടെ’ തിരിച്ചെത്തി. പത്തനംതിട്ട ളാഹ മഞ്ചത്തോട് കോളനിയിലാണ് സംഭവം. ഡിസംബർ 30ന് നിലയ്ക്കൽ-ഇലവുങ്കോട് റോഡരികിൽ കണ്ടെത്തിയ മൃതദേഹമാണ് മഞ്ചത്തോട് കോളനി നിവാസി രാമൻ ബാബുവിന്‍റേത്(75) ആണെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചത്.

എന്നാൽ രാമൻ ബാബു ഇന്നലെ രാവിലെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. ഇതോടെ റോഡരികിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇലവുങ്കലിനടുത്ത് ളാഹ മഞ്ചത്തോട് കോളനി നിവാസിയായ രാമൻ ബാബു മകനോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ കുറച്ചുനാൾ മുമ്പ് ഇദ്ദേഹത്തെ കാണാതായിരുന്നു. അതിനിടെയാണ് ഡിസംബർ 30ന് റോഡരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് രാമൻ ബാബുവിന്‍റെ ബന്ധുക്കൾ സ്ഥലത്തെത്തി.

മൃതദേഹം രാമൻ ബാബുവിന്‍റേതാണെന്ന് ബന്ധുക്കൾ അറിയിച്ചതോടെ പൊലീസ് അവർക്ക് വിട്ടുനൽകി. തുടർന്ന് പോസ്റ്റുമോർട്ടവും സംസ്ക്കാര ചടങ്ങുകളും നടത്തി.അതിനിടെ രാമൻ ബാബുവിന്‍റെ ബന്ധുവും കോന്നി കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറുമായ മനു, കൊട്ടമ്പാറയിൽവെച്ച് രാമൻബാബുവിനെ കണ്ടെത്തുന്നത്. തുടർന്ന് ഇരുവരും മഞ്ചത്തോട് കോളനിയിലെ വീട്ടിലേക്ക് എത്തുകയായിരുന്നു. മരിച്ചെന്ന് കരുതി സംസ്ക്കരിച്ച രാമൻ ബാബുവിന്‍റെ വരവ് നാട്ടുകാരെയും ബന്ധുക്കളെയും അമ്പരപ്പിച്ചിരിക്കുകയാണ്.

Share This Article
Leave a comment