പുതിയ വന്ദേ ഭാരതിനോട് മുഖം തിരിച്ച്

At Malayalam
2 Min Read

പുതുവർഷത്തിൽ സർവ്വീസ് ആരംഭിച്ച കോയമ്പത്തൂർ – ബെംഗളൂരു, മംഗളൂരു – ഗോവ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകളിൽ കയറാൻ ഒരു ജീവിയുമില്ല. സർവ്വീസ് തുടങ്ങിയ ശേഷമുള്ള ആദ്യ വാരാന്ത്യത്തിൽ ഇരു ട്രെയിനുകളിലും സീറ്റുകൾ മിക്കതും കാലിയാണ്. ബെംഗളൂരു കൻ്റോണ്മെൻ്റ് – കോയമ്പത്തൂർ വന്ദേഭാരത് സർവ്വീസ് തുടങ്ങി നാലു ദിവസം പിന്നിടുമ്പോൾ ബെംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള സർവ്വീസിൽ പാതി സീറ്റുകളും കാലിയായിട്ടാണ് ഓടുന്നത്.

കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിലോടുന്ന ഉദയ് എക്സ്പ്രസ്സ് എന്ന ഡബിൾ ഡെക്കർ ട്രെയിനിൻ്റെ സാന്നിധ്യമാണ് ഇതേ റൂട്ടിലോടുന്ന വന്ദേഭാരത് ട്രെയിനിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ . ഒരു എക്സിക്യൂട്ടീവ് ചെയർകാറും ഏഴ് ചെയർകാറുകളുമാണ് ട്രെയിനിലുള്ളത്. ബെംഗളൂരു- കോയമ്പത്തൂർ റൂട്ടിലെ വേഗമേറിയ ട്രെയിനായ ഉദയ് എക്സ്പ്രസ്സ് വന്ദേഭാരത് പുറപ്പെട്ട് 35 മിനിറ്റിന് ശേഷം കെ എസ് ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നുണ്ട്. വന്ദേഭാരത് ഹൊസ്സൂർ വഴി പോകുമ്പോൾ ഉദയ് എക്സ്പ്രസ്സ് ബംഗാർപേട്ട് – കുപ്പം വഴിയാണ് സർവ്വീസ് നടത്തുന്നത്. ഉദയ് എക്സ്പ്രസ്സിൽ 180 രൂപയ്ക്ക് സെക്കൻഡ് ക്ലാസ്സ് ടിക്കറ്റ് ലഭിക്കുമ്പോൾ വന്ദേഭാരതിൽ ആയിരത്തിലേറെ രൂപ കൊടുക്കേണ്ടിവരും.

ബെംഗളൂരുവിനും കോയമ്പത്തൂരിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിൻ വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും പ്രയോജനപ്പെടുമെന്നായിരുന്നു കണക്കുകൂട്ടൽ. 380 കിലോമീറ്റർ ദൂരം ഏകദേശം ആറു മണിക്കൂർ കൊണ്ടാണ് വന്ദേഭാരത് പിന്നിടുന്നത്. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പുലർച്ച സമയത്ത് പുറപ്പെടുന്നതാണ് ട്രെയിനിന് മോശം പ്രതികരണം കിട്ടാനുള്ള മറ്റൊരു കാരണമായി വിലയിരുത്തുന്നത്. കോയമ്പത്തൂരിൽ നിന്നും പുലർച്ചെ അഞ്ചു മണിക്ക് പുറപ്പെടുന്ന ട്രെയിൻ 10.40 ഓടെ ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 1.40ന് തിരിച്ച് രാത്രി 7.40ന് കോയമ്പത്തൂരിലെത്തും.ആളില്ലാത്ത സാഹചര്യത്തിൽ വന്ദേഭാരത് കോയമ്പത്തൂരിന് പകരം പാലക്കാട്ടേക്ക് നീട്ടണം എന്ന ആവശ്യം മലയാളി സംഘടനകൾ ഉയ‍ർത്തി കഴിഞ്ഞു. ഇതു വഴി, പകൽ സമയത്ത് ബെം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ഒരു ട്രെയിൻ എന്ന ആവശ്യം വൈകാതെ സാധ്യമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വന്ദേഭാരത് അല്ലെങ്കിൽ ഉദയ് എക്സ്പ്രസ്സ് എങ്കിലും പാലക്കാട്ടേക്ക് നീട്ടിയാൽ മാധ്യകേരളത്തിലും മലബാറിലുമുള്ളവർക്ക് ​ഗുണം ചെയ്യുമെന്ന നിർദേശം ചിലർ മുന്നോട്ട് വയ്ക്കുന്നുമുണ്ട്.കോയമ്പത്തൂർ – ബെം​ഗളൂരു വന്ദേഭാരതിനൊപ്പം സർവ്വീസ് ആരംഭിച്ച മം​ഗളൂരു – മഡ്​ഗാവ് വന്ദേഭാരതിനും സമാനമായ അവസ്ഥയാണുള്ളത്. കൊങ്കൺ റൂട്ടിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നു പ്രതീക്ഷിച്ച വന്ദേഭാരത് ട്രെയിനിന് വിചാരിച്ച പിന്തുണ യാത്രക്കാരിൽ നിന്നും കിട്ടുന്നില്ല. വാരാന്ത്യമായിട്ടും അടുത്ത മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റുകൾ സുലഭമാണ്.രാവിലെ 8.30-ന് മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.15-ന് മഡ്ഗാവിൽ എത്തും. മഡ്ഗാവിൽ നിന്ന് വൈകിട്ട് 6.10ന് തിരിച്ച് രാത്രി 10.45 ന് മംഗളൂരുവിലെത്തും. ഇടയിൽ ഉഡുപ്പിയിലും കാർവാറിലുമാണ് സ്റ്റോപ്പുള്ളത്. ഈ സാഹചര്യത്തിൽ മം​ഗളൂവിൽ നിന്നും കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ ട്രെയിൻ നീട്ടി രാവിലെ ഏഴു മണിയോടെ പുറപ്പെട്ടാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാം എന്നാണ് സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. മൂകാംബികയിലേക്ക് പോകുന്നവർ ആശ്രയിക്കുന്ന ബൈന്ദൂർ (മൂകാംബിക റോഡ്) സ്റ്റേഷനിൽ സ്റ്റോപ്പ് നൽകുന്നതും വരുമാനം വർധിക്കാൻ നല്ലതാണെന്ന് യാത്രികർ പറയുന്നു.

Share This Article
Leave a comment