ലോക ബ്രെയ്ലി ദിനം
ബ്രെയ്ലി സമ്പ്രദായത്തിന്റെ (Braille system) ഉപജ്ഞാതാവായ ലൂയിസ് ബ്രെയ്ലിയുടെ (Louis Braille) ജന്മവാർഷികത്തോടനുബന്ധിച്ച് കാഴ്ച പരിമിതരുടെ ക്ഷേമത്തിനായി അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിക്കുന്നതിനാണ് ജനുവരി നാല് ലോക ബ്രെയ്ലി ദിനമായി (World Braille Day) ആചരിക്കുന്നത്.
ഒരു അപകടത്തെത്തുടർന്ന് ചെറുപ്രായത്തിൽ തന്നെ കാഴ്ച നഷ്ടപ്പെട്ട ലൂയിസ് ബ്രെയ്ലിയെ പാരീസിലെ ഒരു അന്ധവിദ്യാലയത്തിൽ ചേർത്തു. അവിടെ ചാൾസ് ബാർബിയർ വികസിപ്പിച്ച ഡോട്ടുകൾ ഉപയോഗിച്ചുള്ള ഒരു എഴുത്ത് സംവിധാനം ഉപയോഗിച്ച് ബ്രെയ്ലി വായിക്കാൻ പഠിച്ചു. തുടർന്ന് ലൂയിസ് തന്നെ മറ്റൊരു എഴുത്ത് സമ്പ്രദായം വികസിപ്പിക്കാനായി ശ്രമം തുടങ്ങി.ഇപ്പോൾ ബ്രെയ്ലി എന്നറിയപ്പെടുന്ന ഈ സംവിധാനം ലൂയിസ് തന്റേതായ രീതിയിൽ വികസിപ്പിച്ചെടുത്തതാണ്.
2019ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ലോക ബ്രെയ്ലി ദിനം രൂപീകരിച്ചത്. 1809 ജനുവരി 4ന് ജനിച്ച ലൂയിസ് ബ്രെയ്ലിയുടെ ജന്മദിനമായാണ് ബ്രെയ്ലി ദിനം ആചരിക്കുന്നത്. ആറ് ഡോട്ടുകൾ ഉപയോഗിച്ച് അക്ഷരമാല, സംഖ്യാ ചിഹ്നങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു രീതിയാണ് ബ്രെയ്ലി ഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്. അക്ഷരങ്ങളും അക്കങ്ങളും മാത്രമല്ല സംഗീത നോട്ടുകൾ, ശാസ്ത്ര -ഗണിത ചിഹ്നങ്ങൾ എന്നിവയും സ്പർശനത്തിലൂടെ തിരിച്ചറിയാൻ കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്ന രീതിയാണിത്.
ബ്രെയ്ലി ലിപി കാഴ്ച്ചയില്ലാത്ത ആളുകൾക്ക് ഒരു അനുഗ്രഹമാണ്. സാധാരണ കാഴ്ചയുള്ള ആളുകളെപ്പോലെ തന്നെ കാഴ്ച്ച പരിമിതർക്കും വായിക്കാനും പഠിക്കാനും സഹായിക്കുന്ന ഈ സംവിധാനം അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു. ലോക ബ്രെയ്ലി ദിനാചരണത്തിന്റെ ലക്ഷ്യം തന്നെ കാഴ്ച്ചയില്ലാത്തവരെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുകയും മറ്റുള്ളവരെപ്പോലെ അവർക്കും തുല്യമായ അവകാശങ്ങൾക്ക് അർഹതയുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയുമാണ്. കാഴ്ചയില്ലാത്തവരോട് ദയ കാണിക്കാനും ഈ ദിനം ആളുകളെ ഓർമ്മിപ്പിക്കുന്നു.