ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. ദീർഘകാല സുഹൃത്തും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമായ നൂപുർ ഷിഖാരെയാണ് വരൻ. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വിവാഹ രജിസ്ട്രേഷനുശേഷം ഇതേ ഹോട്ടലിൽത്തന്നെ വിരുന്ന് സത്കാരവും നടന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നിരുന്നു. ആമിറിന്റെ ആദ്യ ഭാര്യയായ റീന ദത്തയുടെയും രണ്ടാം ഭാര്യയായ കിരൺ റാവുവിന്റെയും കുടുംബങ്ങൾ ചടങ്ങിനെത്തിയിരുന്നു.
സാന്താക്രൂസിലെ വസതിയിൽനിന്ന് ജോഗ് ചെയ്താണ് വിവാഹച്ചടങ്ങ് നടന്ന ഹോട്ടലിലേക്ക് വരനായ നൂപുർ എത്തിയത്. ബോളിവുഡിലെ പല പ്രമുഖരുടേയും ഫിറ്റ്നസ് ട്രെയിനർകൂടിയാണ് ഇദ്ദേഹം. മാനസികാരോഗ്യത്തിന് പിന്തുണ നൽകുന്ന സംഘടനയുടെ സ്ഥാപകയും സി.ഇ.ഓയുമാണ് ഇറ ഖാൻ.