സത്യേന്ദ്രനാഥബോസ്
ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ് (Satyendra Nath Bose). ബോസ്- ഐൻസ്റ്റൈൺ സ്റ്റാറ്റിസ്റ്റിക്സ്, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് എന്നിവ എസ്.എൻ.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്. ജനുവരി ഒന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം.
എന്താണ് ബോസ് – ഐൻസ്റ്റൈൻ സമീകരണം ?
ക്വാണ്ടം മെക്കാനിക്കൽ ഗുണമായ ഭ്രമണത്തിന്റെ(spin) അടിസ്ഥാനത്തിൽ ദ്രവ്യത്തിന്റെ ഘടകാംശങ്ങളെ രണ്ടായാണ് തിരിച്ചിരിക്കുന്നത്. അതിലൊന്നാണ് ബോസോൺ (രണ്ടാമത്തേത് ഫെർമിയോൺ). ബോസോണുകളെ നിശ്ചയിക്കുന്ന സാംഖികനിയമമാണ് ‘ബോസ്-ഐൻസ്റ്റീൻ സമീകരണം’. ബോസോണുകളെ അതിശീതാവസ്ഥയിലെത്തിക്കുമ്പോൾ ‘ബോസ്-ഐൻസ്റ്റീൻ സംഘനിതാവസ്ഥ'(Bose- Eintein condensate)യുണ്ടാകുന്നു. അതാണ് ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ.
1924-ലെ അദ്ദേഹത്തിന്റെ കണ്ടെത്തലിന് പക്ഷേ, വേണ്ടത്ര അന്താരാഷ്ട്ര അംഗീകാരം ലഭിച്ചില്ല. ബോസോണുകളുമായി ബന്ധപ്പെട്ട് ഒന്നിലേറെ പേർക്ക് നോബൽ സമ്മാനം പിൽക്കാലത്ത് ലഭിച്ചു. പക്ഷേ, എല്ലാ യോഗ്യതയുമുണ്ടായിട്ടും ബോസ് നോബൽ സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടില്ല. റോയൽ സൊസൈറ്റിയുടെ ഫെലോഷിപ്പു പോലും അദ്ദേഹത്തെ തേടിയെത്തുന്നത്, തന്റെ സുപ്രധാന നേട്ടം കൈവരിച്ച് 34 വർഷത്തിന് ശേഷമാണ്. ബോസ് തന്റെ അവസാനത്തെ രണ്ടു പതിറ്റാണ്ട് ശാസ്ത്രപ്രചാരണത്തിലാണ് ശ്രദ്ധയൂന്നിയത്. 1974 ഫെബ്രുവരി നാലിന് അദ്ദേഹം അന്തരിച്ചു.