5 ജി നെറ്റവർക്ക് വേഗം; ലോകത്ത് പത്താം സ്ഥാനം ഇന്ത്യക്ക്

At Malayalam
3 Min Read

സാങ്കേതികവിദ്യ കുതിപ്പു തുടർന്ന വർഷമാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ സാങ്കേതികമേഖലയിൽ നിന്നു ഒരു ശുഭവാർത്ത വന്നിരിക്കുന്നു. ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ 5ജി നെറ്റ്​വർക് വേഗത്തിന്റെ കാര്യത്തിൽ ഇന്ത്യ പിന്തള്ളിയെന്നാണ് സ്പീഡ് ടെസ്റ്റ് സൈറ്റായ ‘ Ookla’റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങൾ ഇന്ത്യ മുകളിലേക്കു കയറി. ഇപ്പോൾ പത്താം സ്ഥാനത്താണ്.യുഎഇ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും മുകളിൽ. മലേഷ്യ മൂന്നാം സ്ഥാനത്ത്. പിന്നീട് ഖത്തർ, ബ്രസീൽ, ഡൊമിനിക്കൻ  റിപ്പബ്ലിക്, കുവൈത്ത്, മക്കാവു. സിംഗപ്പൂർ ഒൻപതാം സ്ഥാനത്താണ്.

നാലാം വ്യാവസായിക വിപ്ലവത്തിന്റെ പടിവാതിൽ കടന്നുള്ള യാത്രയിലാണു ലോകം. ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങി അതിനവീന സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിക്കാനൊരുങ്ങുന്നു. ഈ സാങ്കേതികവിപ്ലവത്തിൽ വലിയ പ്രാധാന്യമാണ് അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്ന സാങ്കേതികവിദ്യയായ 5ജിക്കുള്ളത്. ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ 5ജിയിൽ വൻതുക ചെലവഴിച്ച് ഗവേഷണങ്ങൾ നടത്തുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന്റെയും തിരക്കിലാണ്.
നമ്മളിൽ ഭൂരിഭാഗം പേരും ഇപ്പോൾ ഉപയോഗിക്കുന്നത് നാലാം തലമുറ ടെലികോം സാങ്കേതികവിദ്യയായ 4ജിയാണ്. ഇതിനു മുൻപ് 3ജി, 2ജി ഒക്കെ ഉപയോഗിച്ചാണ് 4ജിയിലെത്തിയത്. ഇതിന്റെ അടുത്ത ഘട്ടമാണു 5ജി. 5ജിയിൽ ഇന്റർനെറ്റിന് അതിവേഗമാണ്. നിലവിലെ മൊബൈൽ ടവറുകളുടേതുപോലുള്ള വിതരണസംവിധാനങ്ങളുപയോഗിച്ചായിരിക്കില്ല 5ജി ലോകത്തു സ്ഥാപിക്കപ്പെടുന്നത്. അതിനാൽ തന്നെ 5ജി ടവറുകൾ സ്ഥാപിക്കേണ്ടി വരും. ഇപ്പോഴത്തെ മൊബൈൽ ടവറുകൾ ഒരു വലിയ മേഖലയിൽ വിതരണം നടത്തുന്നവയാണ്. 

- Advertisement -

5ജിയുടെ ഗുണങ്ങൾ?
ഇത്രത്തോളം തടസ്സങ്ങളും സാങ്കേതികപ്രതിബന്ധങ്ങളും മറികടന്ന്, വിപുലമായ അടിസ്ഥാന സൗകര്യവികസനത്തോടെ 5ജി കൊണ്ടുവരുന്നത് അതിവേഗ ഇന്റർനെറ്റ് എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിൽകണ്ടാണോ? അല്ല. 5ജിയിൽ ഇന്റർനെറ്റ് വേഗം കൂടുതലാണെന്നത് ഒരു വസ്തുതയാണ്. സെക്കൻഡിൽ 10 ജിഗാബിറ്റുകൾ വരെ വേഗം ഒരു ശരാശരി നെറ്റ്‌വർക്കിൽ നിന്നു കിട്ടിയേക്കും.ഒന്നോ രണ്ടോ സെക്കൻഡിൽ ഒരു പടം മുഴുവൻ ഡൗൺലോഡ് ചെയ്യാം. യഥാർഥ ഇൻഫർമേഷൻ സൂപ്പർഹൈവേ!
ഇതിനുമപ്പുറം മറ്റൊരു സവിശേഷത 5ജിക്കുണ്ട്. ലേറ്റൻസി കുറവാണെന്നതാണ് അത്.ഒരു ശ്രോതസ്സി‍ൽ നിന്നു സ്വീകർത്താവിലേക്കും തിരിച്ചും ഒരു സിഗ്‌നൽ പോകാനെടുക്കുന്ന സമയമാണ് ലേറ്റൻസി. ഇതു കുറയുന്തോറും നെറ്റ്വർക്ക് എണ്ണയിട്ട യന്ത്രം പോലെ സുഗമമാകും.
ഇങ്ങനെ സിഗ്നൽ കൈമാറ്റത്തിൽ വരുന്ന താമസക്കുറവ് ഇന്റർനെറ്റ് ഓഫ് തിങ്സ് വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകൾക്ക് ശക്തമായ ഒരു നട്ടെല്ലൊരുക്കും. വരുംലോക സാങ്കേതികവിദ്യയുടെ മുഖമുദ്രയാകാൻ പോകുന്ന വിദൂരനിയന്ത്രണ സംവിധാനങ്ങൾക്കും 5ജിയാകും ശരിയായ ഇന്ധനം. 


ആരോഗ്യരംഗത്തും 5ജി ഉപയോഗപ്രദമാണ്. ഒരിക്കൽ ബെയ്ജിങ്ങിലെ ഒരു പാർക്കിൻസൺസ് രോഗിക്ക് അടിയന്തരമായി തലച്ചോർ ശസ്ത്രക്രിയ വേണ്ടിവന്നു. ചൈനയിലെ പ്രശസ്ത ന്യൂറോവിദഗ്ധൻ ഡോ. ലിങ് സീപേയ് അപ്പോൾ ബെയ്ജിങ്ങിൽനിന്നു 3000 കിലോമീറ്റർ അകലെ ഹൈനാൻ എന്ന സ്ഥലത്തായിരുന്നു. എന്നിട്ടും സീപേയ് ആ ശസ്ത്രക്രിയ നടത്തി; ബെയ്ജിങ്ങിൽ പോകാതെ തന്നെ. 
മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു സഹായകരമായത് 5ജി. പാർക്കിൻസൺസ് രോഗത്തെ ഒരുപരിധി വരെ പിടിച്ചുകെട്ടാനുള്ള മാർഗമായ ഡീപ് ബ്രെയിൻ സ്റ്റിമുലേഷനുള്ള ഉപകരണമാണു രോഗിയുടെ തലച്ചോറുമായി ബന്ധിപ്പിച്ചത്. ചൈനയിലെ ടെലികോം വമ്പൻമാരായ വാവെയുടെ സഹായത്തോടെയായിരുന്നു 5ജി ശസ്ത്രക്രിയ. സീപേയുടെ നിർദേശങ്ങൾ അനുസരിച്ച് ഒരു റോബട്ടാണു  ശസ്ത്രക്രിയ നടത്തിയത്. നിർദേശങ്ങളും പ്രവൃത്തിയും തമ്മിലുള്ള ഇടവേള 0.1 സെക്കൻഡ് മാത്രം. 4ജി സാങ്കേതികവിദ്യയിൽ അനുഭവപ്പെടുന്ന താമസങ്ങളും തടസ്സങ്ങളും 5ജിയിൽ ഇല്ലെന്നു സീപേയ് സാക്ഷ്യപ്പെടുത്തുന്നു. 
ചൈനയിൽ മുൻപു പന്നിയിലും ഇതേ ശസ്ത്രക്രിയാരീതി പരീക്ഷിച്ചിരുന്നു. 5ജി ഉപയോഗിച്ച് ലോകത്തു നടന്ന ആദ്യ മൃഗശസ്ത്രക്രിയായിരുന്നു അത്. 
‘ഇന്റർനെറ്റ് ഓഫ് മെഡിസിൻ ഇന്നു ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നു. ഇന്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സാങ്കേതികവിദ്യയുടെ വൈദ്യശാസ്ത്രപരമായ പ്രയോഗമാണിത്.’

രോഗിയുടെ ശരീരത്തിൽ സ്ഥാപിച്ച ഉപകരണങ്ങൾ വഴി കൃത്യമായ രോഗനിർണയം, ചികിത്സാ പുരോഗതി വിലയിരുത്തൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഐഒടി വഴി സാധ്യമാക്കും. ഐഒടിയെ ഊർജിതപ്പെടുത്തുന്ന സാങ്കേതികവിദ്യയാണു 5ജി.

ഡോക്ടറും രോഗിയും തമ്മിൽ നേരിട്ടു ബന്ധം പുലർത്താതെയുള്ള റോബട്ടിക് സർജറി ഇന്നു പ്രചാരത്തിലുണ്ട്. എന്നാൽ ഇവയിലെല്ലാം തന്നെ ഡോക്ടർ തിയറ്ററിൽ തന്നെ വേണം എന്ന പരിമിതിയുണ്ട്. ഇതു പരിഹരിക്കാൻ 5ജി വഴിയൊരുക്കും. ന്യൂയോർക്കിലുള്ള ഡോക്ടർക്കും തൃശൂരിലുള്ള രോഗിയുടെ ശസ്ത്രക്രിയ നടത്താൻ കഴിയും. ഗ്രാമീണമേഖലകളിൽ വരെ ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താൻ 5ജി സഹായകരമാകുമെന്നു ചുരുക്കം; സാങ്കേതികവിദ്യാ ഉപയോഗത്തിൽ സാമൂഹികപ്രതിബദ്ധതയോടെയുള്ള കാഴ്ചപ്പാട് കൂടി നമുക്കു വേണമെന്നു മാത്രം.

Share This Article
Leave a comment