എം.എ. യൂസഫലിക്ക് പ്രവാസത്തിന്റെ അമ്പതാണ്ട്

At Malayalam
2 Min Read
completed 50 years in exile for M.A. Yusuff Ali

പ്രവാസജീവിതത്തിൽ 50 വർഷം പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി എന്ന എം.എ. യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിൻ്റെ ആ വലിയ യാത്രയ്ക്കാണ് അമ്പതാണ്ട് പൂർത്തിയാകുന്നത്.

അന്നത്തെ ബോംബെ തുറമുഖത്ത് നിന്നും 26 ഡിസംബർ 1973ന് പുറപ്പെട്ട് ഡിസംബർ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയതുൾപ്പെടെയുള്ള ഇമിഗ്രേഷൻ സ്റ്റാമ്പ് ചെയ്ത ആദ്യത്തെ പാസ്പോർട്ട് യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബിയിലെ കൊട്ടാരത്തിലെത്തി യൂസഫലി കാണിച്ചു കൊടുത്തിരുന്നു. ഏറെ കൗതുകത്തോടെയാണ് പ്രസിഡന്റ് അത് കണ്ടതും.

അന്ന് ബോംബെയിൽ നിന്ന് ആറു ദിവസം ദുംറ എന്ന കപ്പലിൽ യാത്ര ചെയ്താണ് 1973 ഡിസംബർ 31ന് വെറും പത്തൊൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എം.എ. യൂസഫലി ദുബായിലെത്തുന്നത്.ആറ് ദിവസമെടുത്ത അന്നത്തെ കപ്പൽ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡണ്ടിനോട് പറഞ്ഞിരുന്നു.

വാണിജ്യ- വ്യവസായ- സാമൂഹ്യ സേവനരംഗത്തു നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. മാതൃരാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടിഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവ ഇതിലുൾപ്പെടുന്നു. അബുദാബി ചേംബറിൻ്റെ വൈസ് ചെയർമാനായി യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദ്ദേശം ചെയ്തതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

- Advertisement -

അബുദാബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ് 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ള 69,000 ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പൻ സ്ഥാപനത്തിൻ്റെ മേധാവിയായി യൂസഫലി മാറിയതിൻ്റെ ചരിത്രം കുറിച്ചത്.

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ അൽ നഹ്യാൻ, അബുദാബി പടിഞ്ഞാറൻ മേഖല ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും യൂസഫലിയ്ക്ക് ആശംസകൾ നേർന്നു.

Share This Article
Leave a comment