പ്രിയപ്പെട്ട വല്യേട്ടൻമാർ അറിയാൻ
കണ്ണൂർ സ്ക്വാഡ്, മമ്മൂട്ടി എന്ന നടനും തിയറ്ററുകൾക്കും നൽകിയതെന്താണോ അതു തന്നെയാണ് നേര് മോഹൻലാലിനും തിയറ്ററുകൾക്കും നൽകുന്നത്.
80 കൾ മുതൽ സിനിമ കണ്ടു തുടങ്ങിയ തലമുറയിൽപ്പെട്ടവർ അല്ലെങ്കിൽ സിനിമയെ ചങ്കിൽ കൊണ്ടു നടക്കുന്നവർ നേരിലൂടെ മോഹൻലാലിനെയും സ്ക്വാഡിലൂടെ മമ്മൂട്ടിയേയും കാണുന്നത് എങ്ങനെയാണ് എന്ന് സത്യസന്ധമായി ചിന്തിച്ചിട്ടുണ്ടോ?. ഉറപ്പിച്ചു പറയാം , കടുത്ത നിരാശ തന്നെ.
കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടിയിലെ നടന് ചെയ്യാൻ വേണ്ടി എന്താണുള്ളത് ? ഒരു സീനിലെങ്കിലും മമ്മൂട്ടിയ്ക്ക് തന്റെ പ്രതിഭയുടെ തിളക്കം ഒരു മിന്നാമിനുങ്ങ് വലിപ്പത്തിലെങ്കിലും കാണിയ്ക്കാനാകുന്നുണ്ടോ ? ഇല്ല എന്ന് നിസംശയം പറയാം. പ്രായത്തിന്റെ അസ്കിതകൾ ശബ്ദത്തിനേയും ബാധിയ്ക്കും , അത് സൂപ്പർസ്റ്റാർ മമ്മൂട്ടിയായാലും തെരുവിൽ ചുമടെടുക്കുന്ന മുഹമ്മദ് കുട്ടിയായാലും. ചോർന്നു പോകുന്ന ശബ്ദ ഗാംഭീര്യം തിരികെ പിടിച്ചു ഡയലോഗ് പ്രസന്റ് ചെയ്യാൻ കഷ്ടപ്പെടുന്ന മമ്മൂട്ടിയെ സ്ക്രീനിൽ കാണാൻ തുടങ്ങിയിട്ട് കാലങ്ങളായി. സ്ക്വാഡിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഒന്നും ചെയ്യാനില്ലന്നതോ പോട്ടേ കഥയ്ക്ക് ഒരു പുതുമയുണ്ടായിരുന്നുമില്ല. എങ്കിലും തിയറ്റുകൾ നിറഞ്ഞു. പതിവു പോലെ വൈതാളികർ കുഴലൂതി ; അടിപൊളി —– അടിപൊളിയേ —– .80 കളിലും 90 കളിലും എന്തിന് രണ്ടായിരങ്ങളുടെ പകുതി വരെയെങ്കിലും നടൻ മമ്മൂട്ടിയെ കണ്ടിരുന്നവർക്ക് വല്ലാതെ നൊന്തു.
നേരിലെ നേരു തിരഞ്ഞാലും ഇത്രയൊക്കെ തന്നെയേ ഉണ്ടാവു.മോഹൻലാൽ എന്ന പകരക്കാരനില്ലാത്ത പ്രതിഭയ്ക്ക് വക്കീൽ വിജയ മോഹൻ ആനയുടെ വായിൽ അമ്പഴങ്ങ എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ്. കഥയോ കഥാ പരിസരമോ യാഥാർത്ഥ്യത്തോട് എന്തെങ്കിലും നീതി പുലർത്തുന്നുണ്ടോ? മിനിമം , ഇത് 2024 ആയി എന്നെങ്കിലും ഓർക്കണ്ടേ സർ .
ഇക്കാര്യങ്ങളൊക്കെ മുൻ നിർത്തി മറ്റു ചിലതു കൂടി പറയട്ടെ ,
ഇരു ചിത്രങ്ങളും ഭംഗിയായി കളക്റ്റു ചെയ്യുന്നു. അതിനാൽ ഈ ചിത്രങ്ങൾ പണം മുടക്കി കണ്ട സാധാരണ മലയാളികളെ ആക്ഷേപിയ്ക്കുന്നതാണ് ഈ കുറിപ്പ് എന്നു ദയവായി കാണരുത്.
എന്തുകൊണ്ട് ജനം ഇടിച്ചു കയറുന്നു എന്നു ചോദിച്ചാൽ, ഈ രണ്ടു ചേട്ടൻമാരേയും ഇപ്പോഴും നമ്മൾ ഹൃദയം കൊണ്ട് സ്നേഹിയ്ക്കുന്നു എന്നതു കൊണ്ടാണ്. പിന്നെ നിങ്ങളുടെ രണ്ടാളുടേയും കാലുകൾ ഈ ചിത്രങ്ങളിൽ മണ്ണിൽ തൊട്ടുനിൽക്കുന്നുണ്ട്. നെഞ്ചുകീറിപ്പറിയ്ക്കുന്ന വമ്പൻ ഡയലോഗുകളില്ല , വീരവാദങ്ങളില്ല, ഭീഷണികളില്ല, ദ്വയാർത്ഥ പ്രയോഗങ്ങളില്ല. സാധാരണക്കാരന്റെ ദൈന്യത നിങ്ങളുടെ മുഖങ്ങളിലുണ്ട്. നിസ്സാഹയരായി പല സന്ദർഭങ്ങളിലും നിങ്ങൾ നിൽക്കുന്നുണ്ട്. പ്രതിസന്ധികളിൽ രണ്ടാളും ഞങ്ങളെ പോലെ പതറി – ഇടറി പോകുന്നുണ്ട് ചേട്ടൻമാരെ ! അതാണ് നിങ്ങളെ കാണാൻ ഞങ്ങൾ വരുന്നത്.
മലയാളികളായ കുടുംബ പ്രേക്ഷകരുടെ കാര്യം കുറേക്കാലമായി വലിയ കഷ്ടത്തിലാണ്. കുട്ടികളുമായി അല്ലെങ്കിൽ മാതാപിതാക്കളുമായി ഒരു സിനിമ കാണുക പ്രയാസമായിരുന്നു. അധോവായുവിന്റെ വ്യവഹാര ഭാഷ, തമിഴ്നാട്ടിൽ മുടിയ്ക്ക് പറയുന്ന വാക്ക് എന്നിവയെങ്കിലും മിനിമം ഇല്ലാത്ത മലയാള സിനിമ സമീപകാലത്തായി ചിന്തിയ്ക്കാൻ കഴിയില്ല. സത്യത്തിൽ, ഇതൊക്കെ ഞങ്ങൾക്കും അറിയാവുന്നതു തന്നെ.പക്ഷേ സമയവും സന്ദർഭവും കൂടി നോക്കണ്ടേ?
രണ്ടു ചേട്ടൻമാരും ഓർക്കാൻ ഒന്നു കൂടി പറഞ്ഞ് അവസാനിപ്പിയ്ക്കാം. നിങ്ങളുടെ കാലുകൾ ഇനിയും ഈ മണ്ണിൽ തന്നെ ഉറപ്പിച്ചു നിർത്തണം. കുറച്ചു കൂടി കാമ്പും കഴമ്പുമുള്ള കഥകൾ തെരഞ്ഞെടുക്കാം. ബന്ധുക്കൾ, മുൻ പരിചയക്കാർ തുടങ്ങിയ ബാധ്യതകൾ നിങ്ങളെടുത്ത് തലയിൽ വയ്ക്കരുത്. നല്ല കഥകളുമായി വരുന്നവരെ കൂലിയ്ക്കാളെ നിർത്തി തടയരുത്. ക്ഷമയോടെ 10 മിനിറ്റ് അവർക്ക് കൊടുക്കന്നേ, ശരിയാണ്, കഥകൾ കേട്ടു തഴമ്പിച്ചിട്ടുണ്ടാകും. എന്നാലും നിങ്ങടെ ജോലി ഇതല്ലേ സർ പ്ലീസ്, അപേക്ഷയാണ് – നിങ്ങളെ കാണാൻ ഞങ്ങളിനിയും വരാം. ഹാപ്പി ന്യൂ ഇയർ.