ഓർമയിലെ ഇന്ന്: റോസമ്മ പുന്നൂസ്

At Malayalam
1 Min Read

ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ഒന്നാമതായി സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് റോസമ്മ പുന്നൂസ് .1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടൈം സ്പീക്കറും റോസമ്മ പുന്നൂസാണ് . കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയിൽ അന്നമ്മയുടേയും എട്ടു മക്കളിൽ നാലാമതായി 1913 മേയ് 13നു് ജനിച്ചു. നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് ഒന്നും എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ ദേവികുളം മണ്ഡലത്തേയും എട്ടാം കേരള നിയമസഭയിൽ ആലപ്പുഴ മണ്ഡലത്തേയുമാണ് റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത് .
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് റോസമ്മ പുന്നൂസ് 1939-ൽ സജീവരാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി അക്കാലത്ത് അവർ മൂന്നു വർഷത്തോളം ജയിൽ വാസവും അനുഷ്ഠിച്ചിട്ടുണ്ട്.
സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷൻ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആധുനികകേരളത്തിന്റെ ആദ്യകാലരാഷ്ട്രീയചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമാണ് റോസമ്മ പുന്നൂസ്. 2013 ഡിസംബർ 28-ന് ഒമാനിലെ സലാലയിൽ താമസിക്കവേ അന്തരിച്ചു. മരിക്കുമ്പോൾ 100 വയസ്സുണ്ടായിരുന്നു.

Share This Article
Leave a comment