വിജയകാന്ത് മറയുമ്പോൾ

At Malayalam
2 Min Read

നാരായണൻ വിജയരാജ് അളഗരസ്വാമിയെ അറിയാൻ പ്രയാസമാകും. എന്നാൽ വിജയകാന്ത് എന്നു കേട്ടാൽ ക്യാപ്റ്റൻ പ്രഭാകർ എന്ന കുപിതനായ നായകനെ ഓർമവരും. ഒരു കാലത്ത് തമിഴ് നാട്ടിലെ രസികർ മൺട്രങ്ങളെ ഇളക്കി മറിച്ച നായകനായിരുന്നു വിജയകാന്ത്.

സൂപ്പർസ്റ്റാർ രജനികാന്തിനെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളും തീപ്പൊരി ഡയലോഗുകളും കൊണ്ട് , രജനിയുടെ അനുജനാണ് വിജയകാന്ത് എന്നു കരുതിയിരുന്നവരും ചുരുക്കമല്ല.സിനിമ കൊട്ടകകളെ ഇളക്കി മറിക്കുന്ന സ്‌റ്റണ്ടു രംഗങ്ങളും തീപാറുന്ന നോട്ടവും ഇടം കയ്യിൽ നിന്നും വലം കയ്യിലേക്ക് നായികയെ അമ്മാനമാടുന്ന നൃത്തരംഗങ്ങളുമായി തട്ടുപൊളിപ്പൻ തമിഴ് പടം പാക്കാൻ കയറുന്നവർക്ക് ഉത്സക്കാഴ്ച സമ്മാനിച്ചിരുന്നു വിജയകാന്ത്. തമിഴ് സിനിമാ ലോകത്തേയ്ക്ക് പുതിയ ‘കളികൾ’ അറിയാവുന്ന പിള്ളേരെത്തിയപ്പോൾ അണ്ണൻ പതിയെ പിന്മാറാൻ തുടങ്ങി.

1952 ഓഗസ്റ്റ് 25 ന് തമിഴ്നാട്ടിലെ മധുരയിൽ കെ.എൻ. അളഗര സ്വാമി -ആണ്ടാൾ ദമ്പതികളുടെ മകനായി ജനിച്ച വിജയകാന്തിന് ശരിക്കും രണ്ടു രീതിയിലുള്ള ‘കരിയർ’ ഉണ്ടന്ന് പറയാം. ആദ്യത്തേത് സ്വാഭാവികമായും സിനിമ തന്നെ. വിജയകാന്തിന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം തമിഴ് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എന്നതാണ്.

അമ്മൻ കോവിൽ കിഴക്കാലേ, വൈദേഹികാത്തിരുന്താൾ , ചിന്ന ഗൗണ്ടർ,വല്ലരസു , ക്യാപ്റ്റൻ പ്രഭാകർ തുടങ്ങിയ ചിത്രങ്ങൾ തിയറ്ററുകൾ ഇളക്കി മറിച്ചു. കമൽഹാസൻ ,രജനികാന്ത് എന്നിവരുടെ നിരയിൽ തിയേറ്റർ ഓളമുണ്ടാക്കാൻ കഴിഞ്ഞ മറ്റൊരു നായകനാണ് വിജയകാന്ത്. തികഞ്ഞ ആക്ഷൻ ഹീറോ പരിവേഷം തന്നെയാണ് ചലച്ചിത്ര ലോകത്ത് അദ്ദേഹത്തിനുള്ളത്. വിജയകാന്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും കന്നട, തെലുങ്ക് ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും അവിടെ ബ്ലോക്ബസ്റ്റർ സൃഷ്ടിക്കുകയും ചെയ്തു.

- Advertisement -

സിനിമാ തിരക്കു കുറഞ്ഞു വന്ന നാളുകളിലാണ് അദ്ദേഹം 2005 സെപ്റ്റംബർ 14 ന് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡി.എം. ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. തുടർന്ന് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ഡി എം ഡി കെ മത്സരിച്ചെങ്കിലും വിജയകാന്ത് മാത്രമേ വിജയിച്ചുള്ളു.പിന്നീട് 2011 മുതൽ 2016 വരെ അദ്ദേഹം തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിരുന്നു.

1990 ജനുവരി 31 ന് പ്രേമലതയെ വിവാഹം ചെയ്ത വിജയകാന്തിന് രണ്ടു മക്കളുണ്ട്. തന്റെ നൂറാമത്തെ ചിത്രമായ ക്യാപ്റ്റൻ പ്രഭാകറിനു ശേഷം അദ്ദേഹത്തെ ക്യാപ്റ്റൻ എന്നാണ് ആരാധാകർ വിളിയ്ക്കുന്നത്. പുരട്ചി കലൈഞ്ജർ എന്ന് അദ്ദേഹത്തിനു മറ്റൊരു വിളിപ്പേരുമുണ്ട്.

Share This Article
Leave a comment