ഇംഗ്ളണ്ടിന് പിന്നാലെ കരുത്തരായ ഓസ്ട്രേലിയയേയും ടെസ്റ്റിൽ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇന്നലെ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ സമാപിച്ച ടെസ്റ്റ് മത്സരത്തിൽ എട്ടുവിക്കറ്റിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതകൾ ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഇംഗ്ളണ്ടിനെ ടെസ്റ്റിൽ 347 റൺസിന് ഇന്ത്യൻ വനിതകൾ കീഴടക്കിയിരുന്നു.
മത്സരത്തിന്റെ നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 75 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയതീരമണയുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 219 റൺസിൽ ഓൾഔട്ടാക്കിയ ശേഷം 406 റൺസടിച്ചാണ് ഇന്ത്യ മത്സരത്തിൽ പിടിമുറുക്കിയത്. രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 261 റൺസ് വരെപോയെങ്കിലും ഇന്ത്യയ്ക്ക് ഒരു വെല്ലുവിളിയുമുണ്ടായില്ല.രണ്ടിന്നിംഗ്സുകളിലുമായി ഏഴ് വിക്കറ്റ് നേടിയ സ്നേഹ റാണയാണ് പ്ളെയർ ഒഫ് ദ മാച്ച്.
46 വർഷത്തിനിടെ ഓസ്ട്രേലിയക്കെതിരേ 10 ടെസ്റ്റ് കളിച്ചെങ്കിലും ആദ്യമായാണ് വിജയിക്കുന്നത്. ഓസീസും ഇന്ത്യയും തമ്മിൽ മൂന്ന് വീതം ഏകദിനങ്ങളുടെയും ട്വന്റി-20കളുടെയും പരമ്പരയും ഇനി നടക്കും.