വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കുശേഷം എന്ന പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ ചിത്രത്തിന്റെ പാക്കപ്പ് ദിവസം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
പ്രണവിന്റെ ജന്മദിനത്തിലാണ് വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുന്നത്. ധ്യാൻ ശ്രീനിവാസന്റെ ജന്മദിനത്തിൽ പാക്കപ്പും ഫസ്റ്റ് ലുക്ക് പോസ്റ്ററും എത്തി.
ബോളിവുഡ് സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ,ടൊവിനോ, ആസിഫ് അലി തുടങ്ങിയവർ ചേർന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
പ്രണവും ധ്യാനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ പുരട്ചി തലൈവർ എം ജി ആറിന്റെ സാന്നിദ്ധ്യവുമുണ്ട്. വിനീത് ശ്രീനിവാസൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റ് താരങ്ങൾ.
പ്രണവ് മോഹൻലാൽ നായകനായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് വർഷങ്ങൾക്കുശേഷവും നിർമ്മിക്കുന്നത്.