മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബർ 12 മുതൽ റുവൈസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാമെന്നുമാണ് റുവൈസ് വാദിച്ചത്.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നു. ഷഹനയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ട്. ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.