ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ ഇന്നലെ നടന്ന വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു. 25 പേരെങ്കിലും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് വിവരം. അക്രമിയുടെ പ്രകോപനം എന്തെന്ന് വ്യക്തമായിട്ടില്ല.
യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്. അക്രമി സര്‍വകലാശാലയ്ക്കുള്ളില്‍ കടന്നതായി അധികൃതര്‍ വിദ്യാര്‍ത്ഥികളേയും സ്റ്റാഫിനേയും മെസേജുകളിലൂടെ അറിയിച്ചിരുന്നു. തോക്കുധാരി പെട്ടെന്ന് സര്‍വകലാശാല കെട്ടിടത്തിലേക്ക് എത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് ദൃസാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിനോദസഞ്ചാരികള്‍ എത്തുന്ന നഗരത്തിന്റെ തിരക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ജാന്‍ പാലച്ച് സ്‌ക്വയറും സമീപ കെട്ടിടങ്ങളും പൊലീസ് സീല്‍ ചെയ്തു.