മോഹൻലാൽ നായകനായി ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് പരാതി. തിരക്കഥാകൃത്ത് ദീപു കെ ഉണ്ണിയാണ് സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സിനിമയിലെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസയച്ചു.
സിനിമയുടെ സഹ നിര്‍മ്മാതാക്കൾ കൂടിയായ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരേയും ഹര്‍ജിയില്‍ എതിര് കക്ഷികളാക്കിയിട്ടുണ്ട്. നാളെയാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് അടക്കം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയത്. കേസ് നാളെ വീണ്ടും ഹൈക്കോടതി കേൾക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേര്’.