ചൈനയിൽ തിങ്കളാഴ്‌ച അർദ്ധരാത്രിയുണ്ടായ ഭൂകമ്പത്തിൽ 127 മരണം. 500 ലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഗാൻസൂ, ക്വിംഗ്ഹായ് പ്രവിശ്യകളിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രതയിലുള്ള ഭൂകമ്പമാണുണ്ടായത്.
നിരവധി വീടുകളും റോഡുകളും തകർന്നു. വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങളും തടസ്സപ്പെട്ടു. ഗാൻസുവിൽ 105 പേരാണ് മരിച്ചത്. 397 പേർക്ക് പരിക്കേറ്റു. 16 പേരുടെ നില ഗുരുതരമാണ്. വടക്കൻ ക്വിംഗ്ഹായിൽ 13 പേർ മരിക്കുകയും 182 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 20 പേരെ കാണാതായി. ഹൈഡോംഗ് നഗരത്തിൽ 11 പേർ കൊല്ലപ്പെട്ടു. 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. -15 ഡിഗ്രിയാണ് മേഖലയിലെ ഇന്നലത്തെ താപനില. ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.
ജിഷിഷാനിലെ 6,381 വീടുകൾ തകർന്നു. തെരച്ചിൽ ഊർജിതമാക്കാനും പരിക്കേറ്റവർക്കുള്ള ചികിത്സ ഉറപ്പാക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദ്ദേശം നൽകി. 580 ഓളം രക്ഷാപ്രവർത്തകരാണ് ഇവിടെയുള്ളത്. ജിഷിഷാൻ കൗണ്ടിയിൽ ഭൂകമ്പം നാശം വിതച്ച ദഹെജിയ പട്ടണത്തിൽ ദുരിതബാധിതർക്ക് താത്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കി. ചൈനയുടെ ധനമന്ത്രാലയവും എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയവും 200 മില്യൺ യുവാൻ (28 മില്യൺ ഡോളർ) പ്രകൃതി ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി അനുവദിച്ചു.
ഒരു ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കോണ്ടിനെന്റൽ പ്ലേറ്റുകളുടെ വ്യതിയാനം മൂലം അടിക്കടി ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ടിബറ്റ് ഹിമാലയൻ മേഖലയോട് ചേർന്നുള്ള പ്രദേശമാണ് ക്വിങ്ഹായ് പ്രവിശ്യ. അയൽരാജ്യമായ സിൻജിയാംഗ് ഉയ്ഗുർ സ്വയംഭരണ മേഖലയിലും ചൊവ്വാഴ്ച ഭൂചലനം ഉണ്ടായി. 32 തുടർചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 4.0 തീവ്രതയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.