2025 ഫിഫ ക്ലബ് ലോകകപ്പിനായി യോഗ്യത നേടിയ ടീമുകളെ പ്രഖ്യാപിച്ചു. 32 ടീമുകലാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. വൻ മാറ്റങ്ങളുമായി എത്തുന്ന ലോകക്കപ്പിന് അമേരിക്ക ആതിഥേയരാകും. 2025 ജൂൺ 15 മുതൽ ജൂലൈ 13 വരെയാണ് മത്സരങ്ങൾ നടക്കുക. ലോകകപ്പിന്റെ മാതൃകയിലാണ് ക്ലബ്ബ് ലോകകപ്പും സംഘടിപ്പിക്കുന്നത്. ഒരു രാജ്യത്ത് നിന്ന് പരമാവധി രണ്ട് ക്ലബ്ബുകൾക്ക് യോഗ്യത നേടാം. ഇംഗ്ലണ്ടിന്റെ രണ്ട് സ്ഥാനങ്ങൾ അടുത്തിടെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ലഭിക്കും. അതേസമയം, ക്ലബ് ലോകകപ്പിൽ കളിക്കുന്നതിൽ നിന്ന് ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും പുറത്തായി.
32 ടീമുകളുള്ള ടൂർണമെന്റിൽ യൂറോപ്പിന് 12 ക്ലബ്ബുകൾ ഉണ്ടായിരിക്കും, 2020-21 മുതലുള്ള നാല് സീസണുകളിലെ ചാമ്പ്യൻസ് ലീഗിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ടീമുകളെ തെരഞ്ഞെടുത്തത്. നാല് വർഷത്തെ യോഗ്യതാ സൈക്കിളിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ സ്വയമേവ യോഗ്യത നേടി. ചെൽസി, റയൽ മാഡ്രിഡ്, മാൻ സിറ്റി എന്നിവരും ടൂർണമെന്റിൽ ഇടം പിടിച്ചു. പോർച്ചുഗീസ് ടീമുകളായ പോർട്ടോയും ബെൻഫിക്കയും ചെൽസി, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് എന്നിവയ്‌ക്കൊപ്പം യോഗ്യത നേടിയിട്ടുണ്ട്. ബയേൺ മ്യൂണിക്ക്, പാരീസ് സെന്റ് ജെർമെയ്ൻ, ഇന്റർ മിലാൻ എന്നിവരും ലോകക്കപ്പ് കളിക്കും. റയൽ സോസിഡാഡ്, പിഎസ്‌വി ഐന്തോവൻ, എഫ്‌സി കോപ്പൻഹേഗൻ എന്നിവ ആഴ്‌സണലിന്റെ അതേ അവസ്ഥയിലാണ്, യോഗ്യത നേടുന്നതിന് ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് വിജയിക്കേണ്ടതുണ്ട്.
ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും, ജർമ്മൻ ടീമുകളായ ബൊറൂസിയ ഡോർട്ട്മുണ്ട്, ആർബി ലെപ്‌സിഗ്, സീരി എ ടീമുകളായ യുവന്റസ്, നാപ്പോളി, ലാസിയോ എന്നിവയും ശേഷിക്കുന്ന മൂന്നോ നാലോ സ്ലോട്ടുകൾക്കായി റെഡ് ബുൾ സാൽസ്ബർഗുമായി മത്സരിക്കുന്നു. തെക്കേ അമേരിക്കയിൽ നിന്ന്, ബ്രസീലിയൻ ടീമുകളായ പാൽമിറാസ്, ഫ്ലെമെംഗോ, ഫ്ലുമിനെൻസ് എന്നിവർ ചാമ്പ്യന്മാരായി യോഗ്യത നേടിയപ്പോൾ ഏഷ്യൻ ടീമുകളായ അൽ ഹിലാൽ, യുറാവ റെഡ് ഡയമണ്ട്സ് എന്നിവരും യോഗ്യത നേടി. അൽ അഹ്‌ലിയും വൈദാദും ആഫ്രിക്കയിൽ നിന്ന് യോഗ്യത നേടിയപ്പോൾ മോണ്ടെറി, സിയാറ്റിൽ സൗണ്ടേഴ്‌സ്, ക്ലബ് ലിയോൺ എന്നിവർ വടക്കേ അമേരിക്കയിൽ നിന്നാണ്. ഓഷ്യാനിയയുടെ ഓക്ക്‌ലൻഡ് സിറ്റിയും ഇടം പിടിച്ചു.
ടൂർണമെന്റിനുള്ള വേദികൾ ഫിഫ അടുത്ത വർഷം സ്ഥിരീകരിക്കും. അതേ സമയം വെസ്റ്റ് കോസ്റ്റിൽ ഗോൾഡ് കപ്പ് നടക്കുന്നതിനാൽ അവയെല്ലാം യുഎസിന്റെ ഈസ്റ്റ് കോസ്റ്റിൽ ആയിരിക്കാനാണ് സാധ്യത.നാല് പേരടങ്ങുന്ന എട്ട് ഗ്രൂപ്പുകളായി തിരിച്ച് 32 ടീമുകളുടെ ഒരു ക്ലാസിക് ലോകകപ്പ് ഫോർമാറ്റായിരിക്കും ടൂർണമെന്റ്. ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കും, ഫൈനലിസ്റ്റുകൾ ആകെ ഏഴ് മത്സരങ്ങൾ കളിക്കണം. മത്സരങ്ങൾക്കിടയിൽ ടീമുകൾക്ക് മൂന്ന് വിശ്രമ ദിനങ്ങൾ ഉണ്ടായിരിക്കും, മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് ഉണ്ടാകില്ല.