ഉറ്റസുഹൃത്തുക്കൾ ബദ്ധവൈരികളായപ്പോൾ മാറ്റിയെഴുതപ്പെട്ട ഖാൻസാറിന്റെ ചരിത്രവുമായി പ്രശാന്ത് നീൽ എത്തുമ്പോൾ ബോക്സ്‌ഓഫീസും ഇളകിമറിയുമെന്ന് ഉറപ്പ്. റിലീസിന് മുന്നേ റെക്കോർഡുകൾ വാരികൂട്ടുന്ന പാൻ ഇന്ത്യൻ ചിത്രം “സലാർ: ഭാഗം 1 സീസ്‌ഫയര്‍” ന്റെ റിലീസ് ട്രെയ്‍ലര്‍ പുറത്തിറങ്ങി. കെ. ജി. എഫിന്റെ വിജയശില്പികളായ ഹോംബാലെ ഫിലിംസും, പ്രശാന്ത് നീലും കൈകോർക്കുന്ന ചിത്രത്തിൽ പ്രഭാസിന് പുറമെ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനുമുണ്ട്. ഡിസംബർ 22ന് ചിത്രം തീയറ്ററുകളിലെത്തും.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലും ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ട്രെയ്‍ലര്‍ രണ്ടാഴ്ച മുന്‍പ് പുറത്തിറക്കിയിരുന്നു. വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു, മധു ഗുരുസ്വാമി, ജോണ്‍ വിജയ്, സപ്തഗിരി, ബാലിറെഡ്ഡി പൃഥ്വിരാജ്, ഝാന്‍സി, മിമെ ഗോപി, സിമ്രത് കൗര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.