കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്. മഴ കനത്തതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിൻ്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ഘനയടി ജലം പുറത്തേക്കൊഴുക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരു കരകളിലുമുള്ള ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയർന്നിട്ടുണ്ട്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞദിവസം കനത്ത മഴയാണ് അനുഭവപ്പെട്ടത്. മണിക്കൂറിൽ 15,500 ഘന അടി വെള്ളം ഡാമിലെത്തുന്നുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ് നാട്ടിലും കനത്ത മഴ തുടരുന്നു. കൂടാതെ തമിഴ്നാട്ടിലെ പ്രളയവും കൂടി മുൻ നിർത്തിയാണ് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം.