ചൈനയിലെ കുപ്രസിദ്ധ വനിതാ സീരിയൽ കില്ലറായ ലാവോ റോങ്‌ഷിയുടെ വധശിക്ഷ നടപ്പിലാക്കി. തിങ്കളാഴ്ച രാവിലെ കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ നഞ്ചാങ്ങിൽ വധശിക്ഷ നടപ്പാക്കിയതായി സർക്കാരിന്റെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 1996-നും 1999-നും ഇടയിൽ ലാവോ റോങ്‌സിയും അവളുടെ കൂട്ടാളിയായ ഫാ സിയിംഗും ചേർന്ന് ഒരു കുട്ടിയടക്കം ഏഴുപേരെ കൊല ചെയ്തു. കൊലചെയ്ത ശേഷം ലാവോ 20 വർഷത്തോളം ഒളിവിലായിരുന്നു. 2019-ൽ ഫുജിയാൻ പ്രവിശ്യയിൽ വച്ചാണ് പിടിക്കപ്പെട്ടത്. മറ്റൊരു കേസിൽ സിയിംഗിന്റെ വധശിക്ഷ മുൻപ് നടപ്പിലാക്കിയിരുന്നു.
കഴിഞ്ഞ വർഷം, ലാവോ റോങ്‌സിയ്ക്ക് വിധിച്ച വധശിക്ഷ ജിയാങ്‌സി പ്രൊവിൻഷ്യൽ ഹൈ പീപ്പിൾസ് കോടതി ശരിവച്ചു. ജിയാങ്‌സിയിലെ നാഞ്ചാങ്ങിലെ ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി ശിക്ഷ വിധിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം ഓഗസ്റ്റിൽ റോങ്‌സിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചു. വധശിക്ഷ ലഭിക്കുന്നതിനു പുറമേ, കവർച്ചയും തട്ടിക്കൊണ്ടുപോകലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ലാവോയുടെ രാഷ്ട്രീയ അവകാശങ്ങൾ എടുത്തുകളയുകയും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തു.