കിഴക്ക്, തെക്കൻ ആഫ്രിക്കയിലെ അഞ്ച് രാജ്യങ്ങളിൽ ആന്ത്രാക്സ് രോഗം പടരുന്നു. ഈ വർഷം 1,100ലേറെ കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്‌വേ എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. ഉഗാണ്ടയിൽ മാത്രം 13 പേർ മരിച്ചു.
ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം, കന്നുകാലികളടക്കമുള്ള ജീവികളെയാണ് സാധാരണയായി ബാധിക്കുന്നത്. മനുഷ്യരിൽ ആന്ത്രാക്സ് വളരെ അപൂർവമായാണ് ബാധിക്കുന്നത്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള അടുത്ത ഇടപെടലോ അല്ലെങ്കിൽ രോഗം ബാധിച്ച ജീവികളുടെ ഉത്പന്നങ്ങളോ ഉപയോഗിക്കുന്നതോ ആണ് മനുഷ്യരിൽ ആന്ത്രാക്സിന് കാരണമാകുന്നത്.
ആന്ത്രാക്സ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടില്ല. വളരെ അപൂർവം അവസരങ്ങളിൽ ഇത്തരം രോഗികളുടെ മുറിവുകളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനിടയുണ്ടെന്ന് കരുതുന്നുണ്ട്.
സാംബിയയിൽ ആന്താക്സ് എന്നു കരുതുന്ന 684 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ നാല് പേർ മരിച്ചു. സാംബിയയിലെ പത്ത് പ്രവിശ്യകളിൽ ഒമ്പതെണ്ണത്തിലും കേസുകൾ കണ്ടെത്തി. രോഗം ബാധിച്ച ഹിപ്പൊപ്പൊട്ടാമസിന്റെ മാംസം കഴിച്ചതിലൂടെ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംബിയയിലെ ആന്ത്രാക്സ് കേസുകൾ അയൽ രാജ്യങ്ങളിലേക്കും വ്യാപിക്കാനിടയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടുന്നു.
ആന്ത്രാക്സ് ബാധിതരിൽ പനി, ശ്വാസതടസം, ചുമ, തലകറക്കം, വയറുവേദന, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമായി മരണത്തിൽ കലാശിക്കാം.