ലോകത്തിലെ ഏറ്റവും വലിയ വർക്ക്‌സ്‌പേസ്- “സൂറത്ത് ഡയമണ്ട് ബോഴ്‌സ്” (SDB) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏറ്റവും വലിയ കോർപ്പറേറ്റ് ഓഫീസ് കെട്ടിടം എന്ന ഗിന്നസ് വേൾഡ് റെക്കോർഡും എസ്‌ഡിബി സ്വന്തമാക്കി. കഴിഞ്ഞ 80 വർഷമായി അമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്ണിനായിരുന്നു ഈ ഖ്യാതി. സൂറത്തിലെ ഖജോദി ഗ്രാമത്തിൽ 67 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചത്. “സൂറത്തിന്റെ പ്രൗഢിയിലേക്ക് ഒരു വജ്രം കൂടി, ഈ വജ്രത്തിന് മുന്നിൽ ലോകമെമ്പാടുമുള്ള ഭീമൻ കെട്ടിടങ്ങൾക്ക് തിളക്കം നഷ്ടപ്പെട്ടു”-പ്രധാനമന്ത്രി മോദി പറഞ്ഞു. മുംബൈയിൽ നിന്ന് മുഴുവൻ വജ്രവ്യാപാര ബിസിനസും സൂററ്റിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടാണ് എസ്ഡിബി നിർമ്മിച്ചത്.
ഡ്രീം (ഡയമണ്ട് റിസർച്ച് ആൻഡ് മെർക്കന്റൈൽ) സിറ്റിയിൽ 66 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് എസ്ഡിബി നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 700 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ടൗൺഷിപ്പായി രൂപകൽപ്പന ചെയ്ത ഗ്രീൻഫീൽഡ് പദ്ധതിയാണിത്. 15 നിലകളുള്ള പരസ്പരം ബന്ധിപ്പിച്ച ഒമ്പത് ടവറുകളുള്ള ബോഴ്‌സിൽ 300 ചതുരശ്ര അടി മുതൽ 7,5000 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള ഓഫീസുകളുണ്ട്. 4,200 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകളാണ് ഇവിടെയുള്ളത്. വജ്രങ്ങളുടെ വിൽപ്പന, നിർമ്മാണ യന്ത്രങ്ങൾ, ഡിസൈനിംഗിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ, സർട്ടിഫിക്കറ്റ് സ്ഥാപനങ്ങൾ, ലാബ്-വളർത്തിയ വജ്രങ്ങൾ എന്നിവയും SDB-യിൽ ലഭ്യമാണ്. കൂടാതെ, 27 റീട്ടെയിൽ ജ്വല്ലറി ഔട്ട്ലെറ്റുകളും തുറക്കും.
നിലവിൽ 135 ഓഫീസുകൾ തുറന്നിട്ടുണ്ടെന്നും ഉദ്ഘാടനത്തിന് ശേഷം മറ്റുള്ളവരും അടുത്ത വർഷം പകുതിയോടെ ഓഫീസുകൾ തുറന്ന് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും എസ്ഡിബി പ്രസിഡന്റ് നാഗ്ജിഭായ് സക്കറിയ പറഞ്ഞു. അന്താരാഷ്‌ട്ര വജ്ര, ജ്വല്ലറി ബിസിനസ്സിനായുള്ള ലോകത്തിലെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന എസ്‌ഡിബി മുംബൈയിൽ നിന്ന് സൂററ്റിലേക്ക് മാറ്റുകയായിരുന്നു.